/sathyam/media/post_attachments/Cb7XY6YaUewEQ4hKncLL.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് ഇടവക നവീകരണ വര്‍ഷാചരണത്തിനൊരുങ്ങുന്നു. ആചരണം നാളെ (ബുധന്‍) ആറിനുള്ള വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അറിയിച്ചു.
ഇടവകയുടെ ആധ്യാത്മിക, സാമൂഹിക, സഭാത്മക, ബൗദ്ധിക, ഭൗതിക തലങ്ങളിലെ മൂന്നേറ്റമാണ് നവീകരണവര്‍ഷത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തീര്‍ത്ഥാടനങ്ങള്‍, സംഗമങ്ങള്‍, സമ്മേളനങ്ങള്‍, ദിനാചരണങ്ങള്‍, ആത്മീയ ആഘോഷങ്ങള്‍ തുടങ്ങിയവ നടത്തും.
ഇതാ നിന്റെ അമ്മ എന്ന തിരുവചനമാണ് വര്‍ഷാചരണത്തിന്റെ ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ജപമാലറാലി നടത്തും. ഇന്ന് 5.15ന് പള്ളിക്കവലയിലെ ജൂബിലി കപ്പേളയില്‍ നിന്ന് റാലി ആരംഭിക്കും. നാല് സോണുകളുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ജപമാല റാലിയില്‍ അണിചേരും. കുരിശിന്‍ തൊട്ടിയില്‍ റാലി സമാപിക്കും. റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശീര്‍വാദം നല്‍കും. തുടര്‍ന്ന് കര്‍ദ്ദിനാളിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് തെളിയ്ക്കുന്ന വിളക്ക് ഒരുവര്‍ഷക്കാലം കെടാവിളക്കായി സംരക്ഷിക്കാനാണ് തീരുമാനം.
നവീകരണവര്‍ഷത്തില്‍ ഇടവകയില്‍ അഖണ്ഡജപമാലനടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 31 അര്‍ധരാത്രി മുതല്‍ 2023 ഡിസംബര്‍ 31വരെയുള്ള ദിനങ്ങളില്‍ ഇടവേളയില്ലാതെ ജപമാലയര്‍പ്പണം നടത്തും. ഇതിനായി ഇടവകയിലെ മൂവായിരത്തിഅഞ്ഞൂറോളം വരുന്ന കുടുംബങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരോദിനവുമുള്ള ജപമാലയര്‍പ്പണത്തിന് പുറമേ ഒരു കോടി ജപമാലയര്‍പ്പിക്കാനുള്ള പരിശ്രമങ്ങളുമുണ്ട്.
വിശുദ്ധകുര്‍ബാന കേന്ദ്രീകൃതമായ ജീവിതം ശക്തിപ്പെടുത്തുന്നതിനായി എല്ലാദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, സീനിയര്‍ അസി.വികാരി റവ.ഡോ. ജേക്കബ് പണ്ടാരപറമ്പില്‍, അസി.വികാരിമാരായ ഫാ. ജോസഫ് ആലാനിക്കല്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ഫാ. ജോസ് കുഴിഞ്ഞാലില്‍, ഫാ. മാത്യു കാടന്‍കാവില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയില്‍, ദേവമാതാ കോളജ് വൈസ്പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറല്‍ ലീഡര്‍ സുനില്‍ ഒഴുക്കനാക്കുഴി എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായുള്ള സമിതിയാണ് പള്ളിയോഗപ്രതിനിധികളേയും കുടുംബക്കൂട്ടായ്മ ഭാരവാഹികളേയും ഉള്‍പ്പെടുത്തി വര്‍ഷാചരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us