കലിപ്പ് യാത്രക്കാരോട് മാത്രമല്ല! ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടറോടും പ്രകോപനപരമായി സംസാരിച്ച് വനിതാ കണ്ടക്ടര്‍; ചിറയിന്‍കീഴ് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

New Update

publive-image

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ യാത്രക്കാര്‍ക്ക് നേരെ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടറോടും വനിതാ കണ്ടക്ടര്‍ പ്രകോപനപരമായി സംസാരിക്കുകയും വിശദീകരണം എഴുതി നൽകാൻ വിസമ്മതിക്കുകയും ചെയ്തതായി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അവർക്ക് നൽകിയ കുറ്റാരോപണ പത്രികയിൽ പറയുന്നു.

Advertisment

''യാത്രക്കാരോട് അപമര്യാദയായി പെരുമാറി, ടി ദൃശ്യങ്ങൾ സമൂഹമദ്ധ്യമങ്ങളിൽ പ്രചരിച്ചു, കോർപ്പറേഷന്റെ സൽപ്പേരിന് കളങ്കം ചാർത്തി, ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും'' എന്നിങ്ങനെ 4 കുറ്റങ്ങളാണ് അവർക്ക് നൽകിയിരിക്കുന്ന കുറ്റരോപണപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

publive-image

വിവരാവകാശ നിയമപ്രകാരം ലഭിച്ച പകര്‍പ്പുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഒക്ടോബറിലാണ് വിവാദ സംഭവം നടന്നത്. തിരുവനന്തപുരം ചിറയിൻകീഴിൽനിന്ന് കഴക്കൂട്ടത്തേക്ക് സർവീസ് നടത്തുന്ന ബസിൽ ഉച്ചയ്ക്കായിരുന്നു സംഭവം.

publive-image

കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണം. "ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല " എന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു.

publive-image

ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ഉച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ബസില്‍ കയറിയത്. എന്നാല്‍ തനിക്ക് ബസിലിരുന്ന് ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകണമെന്നുമായിരുന്നു വനിതാ കണ്ടക്ടറുടെ ആവശ്യം. ഇതിന് പിന്നാലെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.

പ്രകാശ് നായര്‍ മേലില

Advertisment