മേപ്പാടി ചുണ്ടേല്‍ റോഡില്‍ മേപ്പാടി കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

New Update

കല്‍പ്പറ്റ: മേപ്പാടി ചുണ്ടേല്‍ റോഡില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായി കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

Advertisment

publive-image

മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടീ പീസ് ബസ്സില്‍ ചെന്നിടിക്കുകയായിരുന്നു. കാറിലും ബസിലും ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബസ്സിലുണ്ടായിരുന്ന കുന്നമ്പറ്റ സ്വദേശിനിയും ആശാ വര്‍ക്കറുമായ മിനിക്ക് കാലില്‍ മുറിവേറ്റിട്ടുണ്ട്. ഇവരെയും അരപ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പാടി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായി പറയുന്നത്.

അതേസമയം വയനാട് തലപ്പുഴയിൽ  നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. വയനാട് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗമാണ് അപകട കാരണമെന്നാണ് നിഗമനം. കാറിടിച്ച് വൈദ്യുത പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്.

Advertisment