പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി നീര്‍പക്ഷികളുടെ എണ്ണം ഗണ്യമായി കുറയുന്നു

New Update

മലപ്പുറം: പക്ഷി നിരീക്ഷകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തി നീര്‍പക്ഷികളുടെ എണ്ണം ഗണ്യമായി കുറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ടാണ് നീര്‍ പക്ഷികളുടെ കാര്യത്തില്‍ ഇത്തരം ഒരു കുറവ് എന്നാണ് ഇത് സംബന്ധിച്ചു പഠനം നടത്തിയ വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisment

publive-image

കഴിഞ്ഞദിവസം   തൃശ്ശൂര്‍പൊന്നാനി കോള്‍നിലങ്ങളില്‍ നടത്തിയ സര്‍വ്വേയിലും  നീര്‍പ്പക്ഷികള്‍ കുറയുന്നതായി കണ്ടെത്തിയിരുന്നു. ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്‍സസിന്റെ ഭാഗമായാണ് തൃശ്ശൂര്‍ പൊന്നാനി കോള്‍നിലങ്ങളില്‍ സര്‍വേ നടത്തിയത്. മുപ്പത്തിരണ്ടാമത് നീര്‍പ്പക്ഷിസര്‍വേ പുതുവര്‍ഷദിനത്തില്‍ മാറഞ്ചേരി, ഉപ്പുങ്ങല്‍, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കല്‍, ഏനാമാവ്, പുല്ലഴി, അടാട്ട്, മുള്ളൂര്‍ക്കായല്‍, തൊട്ടിപ്പാള്‍ തുടങ്ങിയ കോള്‍മേഖലകളിലാണ് നടത്തിയത്.

ഓരോ വര്‍ഷത്തെയും നീര്‍ പക്ഷികളുടെ എണ്ണം കണക്കാക്കുമ്പോള്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. 2018 ല്‍ 33499 എണ്ണം കണ്ടെത്തിയപ്പോള്‍ 2019 ല്‍ ഇത് 27519 ആയി ചുരുങ്ങി. പിന്നീട് 2020 ല്‍ നടത്തിയ സര്‍വ്വേ പ്രകാരം  22049 എണ്ണം ആയിരുന്നു കണക്ക്. അതുകഴിഞ്ഞ് 2021ല്‍ സര്‍വ്വേ നടത്തിയപ്പോള്‍ ആകട്ടെ 16634 എണ്ണമായി ചുരുങ്ങി. 2022 ആയപ്പോള്‍ ഇവ വീണ്ടും ചുരുങ്ങി ചുരുങ്ങി 15959 ആയി.

വിവിധയിനം എരണ്ടകള്‍, വര്‍ണ്ണക്കൊക്ക്, ഞവുഞ്ഞിപ്പൊട്ടന്‍, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീര്‍ക്കാക്കകള്‍ തുടങ്ങിയവയുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ്. ദീര്‍ഘദൂര ദേശാടകനായ ചെങ്കാലന്‍ പുള്ള്, കായല്‍പ്പുള്ള്, കരിവാലന്‍ പുല്‍ക്കുരുവി, മൂടിക്കാലന്‍ കുരുവി, വലിയ പുള്ളിപ്പരുന്ത്, ഉപ്പൂപ്പന്‍ തുടങ്ങിയ പക്ഷികളെ കോള്‍നിലങ്ങളില്‍ കണ്ടെത്തിയിരുന്നു. പുള്ളിക്കാടക്കൊക്കും കാലിമുണ്ടിയുമാണ് ഏറ്റവും കൂടുതല്‍ എണ്ണം കണ്ടെത്താനായ പക്ഷിയിനങ്ങള്‍.

ദേശീയപാത വികസനം മൂലം ആയിരക്കണക്കിന് മരങ്ങള്‍ ആണ് വെട്ടേണ്ടി വന്നത്. ഇതു കാരണം പല പക്ഷിക്കൂട്ടങ്ങളുടെയും ആവാസ വ്യവസ്ഥ തന്നെ താറുമാറായി. ദേശീയപാതയോരത്ത് യാതൊരു ദയയും കൂടാതെ  വന്‍മരം വെട്ടി മാറ്റിയത് മൂലം നൂറുകണക്കിന് നീര്‍ പക്ഷികളുടെ കുഞ്ഞുങ്ങളും മുട്ടകളും നശിച്ചത് കേരളത്തിനകത്തും പുറത്തും വന്‍ വാര്‍ത്തയായിരുന്നു. പ്രളയശേഷം സംഭവിച്ച കാലാവസ്ഥാ വ്യതിയാനവും നീര്‍ പക്ഷികളുടെ ആവാസ സ്ഥലങ്ങളെ ഇല്ലാതെയാക്കി.

Advertisment