താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസ്സം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

New Update

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസ്സം പൊതുജനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതയായ എന്‍.എച്ച് 766-ല്‍ ഉള്‍പ്പെടുന്ന താമരശ്ശേരി ചുരത്തില്‍ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത തടസം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Advertisment

publive-image

ചുരത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഗതാഗത തടസം ഒഴിവാക്കാന്‍ ചുരം സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും മറ്റു സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്, കോഴിക്കോട് ജില്ല കളക്ടര്‍മാരും ജില്ല പൊലീസ് മേധാവിമാരും പ്രായോഗികവും ഫലപ്രദവുമായ സംവിധാനം കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുരത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ഇരു കലക്ടര്‍മാരും ജില്ല പൊലീസ് മേധാവിമാരും പതിനഞ്ച് ദിവസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണം. സുല്‍ത്താന്‍ ബത്തേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.എല്‍. സാബു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം നിത്യ സംഭവമാണെന്നും വിശേഷ ദിവസങ്ങളില്‍ അഞ്ചും അതിലേറെ മണിക്കൂറുകളും ഗതാഗതം തടസ്സപ്പെടുകയാണ്. ഇക്കാരണത്താല്‍ സ്ത്രീകളും കുട്ടികളും രോഗികളും എയര്‍പോര്‍ട്ട്, തീവണ്ടി യാത്രക്കാരും ദുരിതം അനുഭവിക്കുന്നത് പതിവാണെന്നും സ്ത്രീകള്‍ക്കും  പ്രായമായവര്‍ക്കും പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കാനാവാതെ യൂറിനറി ഇന്‍ഫക്ഷന്‍ പോലുള്ള അസുഖങ്ങള്‍ ബാധിക്കുന്നത് പതിവാണെന്നും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisment