പൊന്നാനി: ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽഐദറൂസി തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന പൊന്നാനി വലിയ ജാറം മഖാമിലെ ആണ്ട് നേർച്ച 17 ചൊവാഴ്ച (ജമാദുൽ ആഖിർ 24) ആദരപൂർവം അരങ്ങേറുമെന്ന് ജാറം മുതവല്ലിയും ചെയർമാനുമായ വി സയ്യിദ് മുഹമ്മദ് തങ്ങൾ, കൺവീനറും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ ഹാജി കെ എം മുഹമ്മദ് ഖാസിം കോയ, ഖജാഞ്ചി വി സയ്യിദ് ആമീൻ തങ്ങൾ എന്നിവർ അറിയിച്ചു.
പ്രവാചക കുടുംബത്തിന്റെ പരമ്പരയിലെ അൽഐദറൂസി വംശത്തിൽ പെടുന്ന സയ്യിദ് അബ്ദുറഹ്മാൻ അൽഐദറൂസി യമനിൽ നിന്ന് കേരളത്തിലെത്തുകയും നാനാ ജാതി, മത വിഭാഗങ്ങൾക്ക് ആവേശവും സാന്ത്വനവുമായി നിലകൊള്ളുകയും ആത്മീയ പ്രഭപരത്തുകയും ചെയ്ത മഹാനായിരുന്നുവെന്ന് ആണ്ട് കമ്മിറ്റി ഭാരവാഹികൾ വിവരിച്ചു.
ആണ്ട്നേർച്ചയുടെ ഭാഗമായി ഖുർആൻ ഒരാവർത്തി പാരായണം ചെയ്തുകൊണ്ടുള്ള ഖത്തം ദുആ, മൗലിദ് പാരായണം, ദിക്ർ - സ്വലാത്ത് മജ്‌ലിസ്, ആത്മീയ സംഗമം, അന്നദാനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. ആത്മീയ ഗുരുക്കളും, പണ്ഡിത ശ്രേഷ്ഠരുമായ നിരവധി വ്യക്തിത്വങ്ങൾ വീവധ പരിപാടികൾക്ക് നേതൃത്വം നൽകും. വലിയ ജാറം നേർച്ച മേഖലയിലെ വമ്പിച്ച ആത്മീയ സംഭവമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
പരിപാടിയിൽ വെച്ച് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഇമാം - ഖത്തീബ് പദവിയിൽ മുപ്പത് വർഷം പൂർത്തിയാക്കുന്ന ഇയ്യാട് അബ്ദുല്ലാ ബാഖവിയെ ആദരിക്കും. വി സയ്യിദ് മുഹമ്മദ് തങ്ങൾ, ഹാജി കെ എം മുഹമ്മദ് ഖാസിം കോയ, വി സയ്യിദ് ആമീൻ തങ്ങൾ എന്നിവർ ചേർന്ന് ഇമാമിന് ആദരവ് കൈമാറും. പൊന്നാനി മഖ്‌ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങൾ ഉൾപ്പെടയുള്ള പ്രമുഖർ പരിപാടിയും സംബന്ധിക്കും.
ഖുതുബുസ്സമാൻ അൽഐദറൂസി തങ്ങളെ അറിയുക:
വി സെയ്ദ് മുഹമ്മദ് തങ്ങൾ (മുതവല്ലി - പൊന്നാനി വലിയ ജാറം)
ഒരു യുഗാന്തര ദീപ്തി പോലെ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു പൊന്നാനി വലിയ ജാറത്തിൽ വിശ്രമിക്കുന്ന ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദറൂസി തങ്ങൾ. ഹിജ്‌റ 1099-ൽ യമനിലെ 'അദൻ' ഗ്രാമത്തിലാണ് തങ്ങളുടെ ജനനം.
ദീനീ പ്രബോധനം ലക്ഷ്യം വെച്ച് ഹിജ്‌റ 1115 ന് മഹാനവർകൾ കോഴിക്കോടെത്തുകയും പിന്നീട് പൊന്നാനിയിൽ സ്ഥിര താമസമാക്കുകയും ചെയ്തു.
ജാതി മത ഭേദമന്യേ നാട്ടിലെ മുഴുവനാളുകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും അവരുടെ പ്രയാസങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഒരു രാജാവിന്റെ പ്രതീതിയാണ് ജനങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നത്.
മത സൗഹാർദ്ദം മുഖമുദ്രയാക്കിയ തങ്ങൾ വളരെ എളിമയോടെയാണ് ജീവിതം നയിച്ചത്. ഇവരുടെ കാലത്താണ് തീരദേശ മേഖലയിൽ നിന്ന് കൂടുതൽ പേർ ഇസ്‌ലാമിലേക്ക് കടന്നു വന്നത്.
വലിയ ജാറം വളപ്പിലെ ഏകദേശം ഒരേക്കറിലധികം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട് ജനങ്ങളുടെ അഭയ കേന്ദ്രമായിരുന്നു. നാട്ടിലെ ഒട്ടുമിക്ക കേസുകൾക്കും തീർപ്പ് കല്പിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു.
വലിയ ജാറം ചരിത്ര പ്രാധാന്യമുള്ളതും പൊന്നാനിയിലെ ജനതയുടെ സാമൂഹ്യ അസ്തിത്വത്തിൽ നിർണായക സ്ഥാനമർഹിക്കുന്നതുമാണ്.
ഹിജ്‌റ 1164 ജമാദുൽ ആഖിർ 24 ന് ഇഹലോക വാസം വെടിഞ്ഞ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സ്വർഗീയമാവട്ടെയെന്ന പ്രാർത്ഥനയോടെ....