മലപ്പുറം: വെള്ളവസ്ത്ര ധാരികളായി സുന്നീ പ്രവർത്തകർ മലപ്പുറത്തേയ്ക്ക് കുത്തിയൊലിച്ചപ്പോൾ മലപ്പുറം വലിയങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ മർഹൂം എ പി മുഹമ്മദ് മുസ്‌ലിയാർ നഗരിയും കവിഞ്ഞ് പാൽക്കടൽ പരന്നൊഴുകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുന്നീ ധാര പിൻപറ്റുന്നവർ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച സുന്നി ആദര്‍ശ സമ്മേളനം അവിസ്മരണീയമാക്കി.
ഇസ്‌ലാമിന്റെ ബാനർ മുന്നിൽ കെട്ടി തിരുസുന്നത്തിനെതിരായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന സമുദായത്തിലെ പുത്തൻ പ്രസ്ഥാനക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടിയ പ്രഭാഷണങ്ങള്‍ സദസ്സ് അച്ചടക്കത്തോടെ ഉൾക്കൊണ്ടു.
വൈകുന്നേരം 4.30 ന് ആരംഭിച്ച സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ അലി അബ്ദുല്ല, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി എന്നിവർ പ്രസംഗിച്ചു.
പ്രാഥമിക കര്‍മങ്ങള്‍ക്കും അംഗസ്നാനത്തിനും നിസ്‌കാരത്തിനുമായി ഏർപ്പെടുത്തിയ സൗകര്യങ്ങള്‍ സമ്മേളനത്തിനെത്തിയവര്‍ക്ക് അനുഗ്രഹമായി. പതിനായിരങ്ങളൊന്നിച്ച് നിർവഹിച്ച സംഘടിത നിസ്കാരം ഏകനായ ദൈവത്തോടുള്ള സമർപ്പണത്തിന്റെ മായാത്ത മുദ്രയായി.
മെഡിക്കല്‍, ആംബുലന്‍സ് സംവിധാനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയതും ശ്രദ്ധേയമായി. നഗരിയിലും പരിസരങ്ങളിലും സുന്നീ പ്രവർത്തകരായ വളണ്ടിയര്‍മാരുടെ വളണ്ടിയർ സേവനങ്ങളും സമ്മേളനത്തിൽ പ്രശംസ പിടിച്ചുപറ്റി.