"മുജാഹിദ് സംഘടനകള്‍ തെറ്റ് തിരുത്തണം; സമുദായ ഐക്യം എന്നത് ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാനുള്ള പുത്തൻ പ്രസ്ഥാനക്കാരുടെ വിദ്യ; ശരിയായ ഇസ്ലാമിക ആദര്‍ശ പ്രചാരണവും രാജ്യത്ത് സമാധാനവും സുരക്ഷയും നടപ്പിലാക്കലുമാണ് സമസ്തയുടെ ലക്ഷ്യം": ഖലീല്‍ അല്‍ബുഖാരി തങ്ങള്‍

New Update

publive-image

മലപ്പുറം: മുഖ്യധാരാ മുസ്ലിംകളെ മതഭ്രഷ്ട് കല്‍പിച്ച് സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും തീവ്രവാദത്തിലൂടെ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുജാഹിദുകള്‍ മുസ്ലിം സമുദായത്തിന് ബാധ്യതയായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറത്ത് സംഘടിപ്പിച്ച സുന്നീ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പരമ്പരാഗതമായി മുസ്ലിംകള്‍ സ്വീകരിച്ചു വരുന്ന ആദര്‍ശങ്ങളെയും നിലപാടുകളെയും തകര്‍ക്കുന്ന നശീകരണ ധാരകളാണ് മുജാഹിദ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന മുഖമുദ്ര. മുജാഹിദുകളുടെ മതപരവും രാഷ്ട്രീയപരവുമായ പരാജയങ്ങളെയും ഒറ്റപ്പെടലുകളെയും മറച്ചുവെക്കാനുള്ള വിദ്യയായി സമുദായ ഐക്യം എന്ന പ്ലാറ്റ്ഫോമിനെ പൊക്കി പിടിക്കാന്‍ കുത്സിത ശ്രമം ഇവര്‍ നടത്തി വരുന്നുണ്ട്. ഇത് തിരിച്ചറിയാന്‍ സുന്നികള്‍ക്ക് കഴിയും. സുന്നി ആദര്‍ശത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തെയും സമസ്ത പിന്തുണക്കില്ലെന്നും ഖലീൽ അൽബുഖാരി തങ്ങൾ പറഞ്ഞു.

"ആദര്‍ശപരമായ യോജിപ്പുള്ളവര്‍ക്കിടയിലുള്ള ഐക്യത്തിനേ സാമുദായിക ശാക്തീകരണം സാധ്യമാക്കാന്‍ കഴിയൂ എന്നതാണ് തങ്ങളുടെ അനുഭവമെന്നും സുന്നീ നേതാവ് വിവരിച്ചു. ശരിയായ ഇസ്ലാമിക ആദര്‍ശ പ്രചാരണവും രാജ്യത്ത് സമാധാനവും സുരക്ഷയും നടപ്പിലാക്കുകയുമാണ് സമസ്തയുടെ ലക്ഷ്യം. തീവ്ര ചിന്താധാരകളെ പ്രതിരോധിക്കേണ്ട ലക്ഷ്യം സമസ്ത വിജയിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്ലാമിക ജീവിത മാര്‍ഗങ്ങളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും മനോഹരമായ മാര്‍ഗങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സമസ്തയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്": കാന്തപുരം വിഭാഗം സുന്നീ നേതാവ് വിവരിച്ചു.

"ആദര്‍ശ സംരക്ഷണം എന്നത് ഒരേ സമയം സമുദായ ശാക്തീകരണവും സാമൂഹിക മുന്നേറ്റവും ആക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സമസ്തയും കീഴ്ഘടകമായ കേരള മുസ്ലിം ജമാഅത്തും മറ്റു പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍. മുസ്ലിം പാരമ്പര്യത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമസ്ത കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്": ഖലീൽ തങ്ങള്‍ പറഞ്ഞു.

Advertisment