മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. പെരിന്തൽമണ്ണ പൊലീസിൽ നിന്ന് ഇന്നലെയാണ് അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്തതിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്നായിരുന്നു ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം.
ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് ആയിരിക്കും പൊലീസ് അന്വേഷണം. ഈ ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ മറുപടി കൂടി പരിഗണിച്ച് തിങ്കളാഴ്ചയ്ക്കകം ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും.
തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രിയാണെന്ന ധാരണയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് എത്തിച്ച സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ആദ്യം സൂക്ഷിച്ച പെരിന്തല്‍മണ്ണ ട്രഷറിയില്‍ തന്നെയായിരുന്നു പെരിന്തല്‍മണ്ണ ബ്ലോക്ക് തദ്ദേശ തെരഞ്ഞെടുപ്പ് വസ്തുക്കളും സൂക്ഷിച്ചത്.