മലപ്പുറം: വണ്ടൂരിൽ അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് (29)ആണ് പിടിയിലായത്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്.
കുട്ടിയെ കയറിപ്പിടിച്ച ശേഷം പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് അഞ്ചാം ക്ലാസുകാരിയെ വലിച്ചിഴക്കുകയായിരുന്നു. നിലവിളിച്ചതോടെ അധ്യാപകന്‍ കുട്ടിയെ വിട്ടയച്ചു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
അധ്യാപകന്‍റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടി സ്‌ക്കൂളിൽ പോയിരുന്നില്ല. തുടർന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രധാനധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്.