അയൽവാസിയായ 17കാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് 30250 രൂപ പിഴയും തടവും ശിക്ഷ വിധിച്ചു

New Update

മലപ്പുറം: അയൽവാസിയായ 17കാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30250 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു.  വെള്ളയൂർ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീൻ (40)നെയാണ് മജിസ്ട്രേറ്റ് എം എ അഷ്റഫ് ശിക്ഷിച്ചത്.  2022 നവംബർ 12നാണ് കേസിന്നാസ്പദമായ സംഭവം.

Advertisment

publive-image

കാളികാവ് എസ് ഐയായിരുന്ന ടി കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറിൽ വണ്ടൂരിൽ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരൻ പിടിയിലാകുന്നത്.   വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവിൽ പൊലീസ് ഓഫീസർക്കൊപ്പം വീട്ടിലെത്തിച്ചു.

പൊലീസ് ഇൻസ്പെക്ടർ വേലായുധൻ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം നീതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കുന്നതിന് സ്‌കൂട്ടർ നൽകിയ ബന്ധുവിന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ നൽകിയിരുന്നു.

കൂട്ടിലങ്ങാടി കൂരിവീട്ടിൽ റിഫാക്ക് റഹ്‌മാൻ (33)നെയാണ് മജിസ്‌ട്രേറ്റ് എ എ അഷ്‌റഫ് ശിക്ഷിച്ചത്. 2022 ഒക്ടോബർ 19നാണ് ഇയാൾ പിതൃസഹോദര പുത്രനായ 17കാരന് സ്‌കൂട്ടർ നൽകിയത്.  മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ  സി കെ നൗഷാദ് പിടികൂടി.

പരിശോധനയിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും ഡ്രൈവിംഗ് ലൈസൻസില്ലെന്നും കണ്ടെത്തി. സ്‌കൂട്ടർ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തിക്കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്‌മാൻ 25,000 രൂപ കോടതിയിൽ അടക്കുകയായിരുന്നു.

Advertisment