/sathyam/media/post_attachments/msReCG79bGLpyqWVhumu.jpg)
കുറവിലങ്ങാട് :കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാറിൽ സംഘർഷം. ചട്ടവിരുദ്ധമായി വികസന സെമിനാർ സംഘടിപ്പിച്ചെന്ന എല്‍.ഡി.എഫ് ആരോപണത്തെ തുടര്‍ന്ന് വികസന സെമിനാർ പിരിച്ചുവിട്ടു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് യോഗത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ട ജില്ലാ ,ബ്ലോക്ക് മെമ്പർമാരെയും പൊതുപ്രവർത്തകരായ കക്ഷി നേതാക്കളെയും വികസന സെമിനാറിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി എന്നതാണ് പരാതി. ചില കോൺഗ്രസ് നേതാക്കളെ മാത്രമാണ് പരിപാടിക്ക് ക്ഷണിച്ചത് എന്ന് ആക്ഷേപമുണ്ട്.
ഇതു സംബന്ധിച്ച് സെമിനാർ തുടങ്ങും മുൻപേ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. കുര്യൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. വികസന സെമിനാറിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ജനപ്രതിനിധികളും കക്ഷി നേതാക്കളും വ്യാപാരി പ്രതിനിധി കളും തങ്ങളെ വികസന സെമിനാറിൽ നിന്നും ചട്ടവിരുദ്ധമായി ഒഴിവാക്കിയതിൽ പ്രതിഷേധം അറിയിച്ചു സംസാരിച്ചു.
സംസാരിച്ച അംഗങ്ങളെ തടസ്സപ്പെടുത്തുവാൻ ചിലര്‍ ശ്രമിച്ചത് കയ്യാങ്കളിക്കിടയാക്കി. പഞ്ചായത്ത് പ്രദേശത്ത് ഒരു ജില്ലാ പഞ്ചായത്ത് അംഗവും, മൂന്നു ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുമാണുള്ളത്. ഇവരെ പൂർണ്ണമായും വികസന സെമിനാറിൽ നിന്നും ഒഴിവാക്കി പഞ്ചായത്ത് രാജ് ചട്ടം അട്ടിമറിച്ചു എന്നും വികസന സെമിനാർ രാഷ്ട്രീയ പരിപാടിയാക്കി മാറ്റി എന്നുമാണ് എൽഡിഎഫിന്റെ പ്രധാന പരാതി. ഇടതുപക്ഷ കക്ഷി നേതാക്കൾ പൊതുപ്രവർത്തകർ വ്യാപാരി സംഘടനാ പ്രതിനിധികൾ, സഹകരണ സംഘം ജനപ്രതിനിധികൾ എന്നിവരെയെല്ലാം ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും എൽ.ഡി.എഫ് നേതാക്കൾ യോഗത്തിൽ ആരോപിച്ചു.
പഞ്ചായത്ത്‌രാജ് ചട്ടത്തിലെ മാർഗ്ഗ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടില്ലാത്തതിനാൽ സെമിനാർ മാറ്റിവയ്ക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് യോഗം പിരിച്ചുവിട്ടു.
വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തിയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും രാഷ്ടീയത്തിനതീതമായി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ചട്ട പ്രകാരം വികസന സെമിനാർ സംഘടിപ്പിക്കുവാൻ പഞ്ചായത്ത് പ്രസിഡണ്ട് തയ്യാറാകണമെന്നും എൽ.ഡി.എഫ് നേതാക്കളായ പി.സി.കുര്യൻ സിബി മാണി, ടി.എൻ.എസ് ഇളയത്, എ.ഡി. കുട്ടി, ബേബിച്ചൻ തയ്യിൽ, പ്രണവ് ഷാജി മെമ്പർമാരായ ഡാർലി ജോജി , രമാ രാജു , സന്ധ്യ സജികുമാർ,വിനു കുര്യൻ , ഇ.എ.കമലാസനൻ ബിജു പുഞ്ചയിൽ എന്നിവർ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കുറവിലങ്ങാട്ട് ഗ്രാമപഞ്ചായത്തിലെ വികസന സെമിനാര്‍ എല്‍.ഡി.എഫ് സംഘര്‍ഷം സൃഷ്ടിച്ച് അലങ്കോലമാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യു.ഡി.എഫ് പ്രതിനിധികളെ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്ന് മണ്ഡലം പ്രസിഡന്റ് അനില്‍കാരയ്ക്കല്‍ പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നിയമാനുസൃതം വിളിച്ചുകൂട്ടിയ യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തില്‍ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ അനുവദിക്കുകയില്ല എന്ന ചില നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും താല്പര്യമാണ് ഇതിനു പിന്നിലെന്നും മണ്ഡലം പ്രസിഡന്റ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us