താനൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കേരളത്തിൽ നിന്ന് ഈ വർഷം വിശുദ്ധ ഹജ്ജിന് പോകുന്ന തീർത്ഥാടകരുടെ ക്ഷേമത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം അരങ്ങേറി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി സീനിയർ അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഹാജി ആദ്യ കേന്ദ്രം താനൂരിൽ ഉദ്‌ഘാടനം നിർവഹിച്ചു. ഹജ്ജ് കാര്യം കൂടി വഹിക്കുന്ന സംസ്ഥാന ന്യൂനപക്ഷ - വഖഫ് - കായിക വകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ചടങ്ങിന് എത്താൻ സൗകര്യപ്പെടാത്ത സാഹചര്യത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഹമ്മദ് ഖാസിം കോയയെ ഉദ്‌ഘാടനത്തിന് നിയമിക്കുകയായിരുന്നു.
സർക്കാറിന്റെ എക്സിക്യൂട്ടിവ് ഓഫീസർ അബ്ദുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് അബ്ദുള്ള ഹമ്മാദ് സഖാഫി, മേപ്പുറത്ത് ഹംസ, പി. സുന്ദരൻ ശശികുമാർ, എ പി സിദ്ധീഖ്, യൂസുഫ്, ടി വി ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞു മുഹമ്മദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. പി ടി അക്ബർ സ്വാഗതവും കെ അബ്ദുൽ ലത്തീഫ് നന്ദിയും രേഖപ്പെടുത്തി