കേരളം കണ്ട ഏറ്റവും വലിയ കാർഷിക പ്രദർശനം ഇനി രണ്ട് നാളുകൾ കൂടി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

സർക്കാർ - അർദ്ധ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെതടക്കം കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്ന ആശയത്തിലുള്ള 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആൻഡ് കാശ്മീർ, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ആസാം എന്നിവയുടെ സ്റ്റാളുകളും ജനപ്രിയമായവയാണ്. വിവിധ സംസ്ഥാനങ്ങൾ അവരുടെ ഭൗമസൂചിക ഉൽപ്പന്നങ്ങൾ അടക്കം പ്രാദേശികമായിട്ടുള്ള വിഭവങ്ങളുമായിട്ടാണ് വൈഗയെ വർണ്ണാഭമാക്കുവാൻ എത്തിയിരിക്കുന്നത്.

Advertisment

കാർഷിക മേഖലയിൽ മൂല്യവർധിത ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ ഫെബ്രുവരി 25ന് ആരംഭിച്ച കാർഷിക പ്രദർശനം മാർച്ച് 2 ന് അവസാനിക്കും. കൃഷി വകുപ്പിന്റെ മൂല്യ വർധിത ഉത്പന്നങ്ങളെ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് ആരംഭിച്ച ബ്രാൻഡായ ‘കേരൾ അഗ്രോ’യിൽ ലിസ്റ്റ് ചെയ്ത ഉത്പന്നങ്ങൾ പരിചയപ്പെടുവാൻ അവസരം ആദ്യസ്റ്റാളിൽ തന്നെയുണ്ട്. അതിരപ്പിള്ളി ട്രൈബൽ വാലി പ്രോജക്റ്റിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസികളുടെ ബ്രാൻഡഡ് ഉത്പന്നങ്ങളുമായുള്ള സ്റ്റാൾ ഏറെ ആകർഷണീയമാണ്.

പൂർണ്ണമായും വനത്തിൽ നിന്നും ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, ശുദ്ധമായ കോഫി പൗഡർ, മഞ്ഞകൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി (വനത്തിൽ നിന്നും ലഭിക്കുന്ന ഒരിനം കുന്തിരിക്കം), കുടംപുളി, ഇഞ്ചി, മുളയരി എന്നിവ പരിചയപ്പെടുവാനും വാങ്ങുവാനും കഴിയും. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയ ആലുവ സ്റ്റേറ്റ് സീഡ് ഫാമിന്റെ സ്റ്റാളിൽ നിന്നും വിവിധയിനം ജൈവ കാർഷിക ഉത്പാദനോപാധികൾ ലഭിക്കും. ഗുണപജല, വെർമിവാഷ്, അമിനോ ഫിഷ്, മൈക്കോറൈസ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ തവിടോടുകൂടിയ പുട്ടുപൊടി, സംശുദ്ധമായ ജൈവ അരി, വെട്ടുമാങ്ങ അച്ചാർ, റാഗി പൊടി, മഞ്ഞൾപൊടി തുടങ്ങിയവ ലഭിക്കും. ഇതോടൊപ്പം കൃഷിവകുപ്പിൻറെ വിവിധ ഫാമുകളിലെ കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളായ സ്ക്വാഷ്, ജാം, ജെല്ലി എന്നിവയും ലഭ്യമാണ്.

അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തോടനുബന്ധിച്ച് മില്ലറ്റ് എക്സ്പോയിലൂടെയാണ് കേരള കാർഷിക സർവ്വകലാശാല സന്ദർശകരെ വരവേൽക്കുന്നത്. ചാമ, കുതിരവാലി, ജോബ് ടിയേഴ്സ്, തിന, വരക്, കൂവരവ്, തുടങ്ങിയ ചെറു ധാന്യങ്ങളെയും അവയുടെ ചെടികളെയും പരിചയപ്പെടാൻ കഴിയും. ഇവയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളും പ്രദർശനത്തിനായിട്ടുണ്ട്. വിവിധയിനം പൂക്കൾ, വാഴകൾ, ഇഞ്ചി, മഞ്ഞൾ, എന്നിവയും അവയുടെ ഉല്പന്നങ്ങളും ഉൾക്കൊള്ളുന്നവയാണ് സർവ്വകലാശാല സ്റ്റാളുകൾ. കേരളത്തിനു പുറമേ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവവൈവിധ്യ പ്രദർശനവുമായി സജ്ജീകരിക്കപ്പെട്ടിട്ടുള്ള പ്രദർശന സ്റ്റാളുകൾ ഏറെ കൗതുകം ഉണർത്തുന്നവയാണ്.

ജമ്മു കാശ്മീർ
ഭൗമസൂചിക പദവി ലഭിച്ച കുങ്കുമപ്പൂവ് കൂടാതെ സുഗന്ധ അരി, ഡീ ഹൈഡ്രേറ്റ് ചെയ്ത പച്ചക്കറികൾ ശീതകാല ഫലവർഗ്ഗവും കാശ്മീരിന്റെ സ്പെഷ്യൽ ഇനങ്ങളുമായ ആപ്പിളുകൾ, ആൽമണ്ട്, മറ്റു ഡ്രൈ ഫ്രൂട്ട്സ് എന്നിവയുടെ വൈവിധ്യമാർന്ന പ്രദർശനവുമായി സജ്ജമാക്കിയിരിക്കുകയാണ് ജമ്മു & കാശ്മീർ സ്റ്റാളിൽ.

ഉത്തരാഖണ്ഡ്
ജൈവ ഉത്പന്നങ്ങളായ പയർ വർഗ്ഗങ്ങൾ, ചെറു ധാന്യങ്ങൾ എന്നിവയും കറി മസാല പൊടി സ്പെഷ്യലുകളുമാണ് ഉത്തരാഖണ്ഡിന്റെ സ്റ്റാളിൽ ശ്രദ്ധ ആകർഷിക്കുന്നത്.

ആന്ധ്ര പ്രദേശ്
ആന്ധ്രപ്രദേശ് സർക്കാരിന്റെ MARKUP ബ്രാൻഡ് ഉൽപ്പന്നങ്ങൾ, ഡി ഹൈഡ്രേറ്റ് പച്ചക്കറികൾ എന്നിവയുമായി ആന്ധ്രപ്രദേശ് സ്റ്റാൾ പ്രദർശനത്തിനുണ്ട്. കർഷക സൗഹൃദ കേന്ദ്രത്തിന്റെ മാതൃകയും ഇതോടൊപ്പം സംസ്ഥാനം ഒരുക്കിയിട്ടുണ്ട്.

ആസാം
കാർഷികോൽപാദക സംഘടനകളുടെ വിവിധ ഉത്പാദനങ്ങളുമായാണ് വടക്കു കിഴക്കൻ സംസ്ഥാനമായ ആസാം എത്തിയിട്ടുള്ളത്.

തമിഴ്നാട്
നാളികേരം, എള്ള് എന്നിവയിൽ നിന്നും ജൈവരീതിയിൽ ഉത്പാദിപ്പിച്ച മൂല്യ വർധിത ഉൽപ്പന്നങ്ങളാണ് ഈ സ്റ്റാളിൽ. അരി, ചെറുധാ ധാന്യങ്ങൾ എന്നിവയുടെ വിവിധ ഉത്പന്നങ്ങളും തമിഴ്നാടിന്റെ പവലിയനിൽ ഉണ്ട്.

കർണാടക
ചെറു ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയുടെ വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ, കുട്ടികൾക്ക് ആകർഷകമായ ചെറുപാക്കുകളിലുള്ള കുക്കീസ്, നാളികേര അധിഷ്ഠിതമൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് കർണാടക പവലിയൻ.

സിക്കിം
പൂർണ്ണ ജൈവ സംസ്ഥാനമായ സിക്കിം തങ്ങളുടെ പ്രാദേശിക വിഭവങ്ങളായ ഇഞ്ചി, മഞ്ഞൾ, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാൽ വർണ്ണാഭമാക്കുകയാണ് പവലിയൻ.

ഇതുകൂടാതെ വിവിധ ജില്ലകൾ അവിടത്തെ പ്രാദേശിക വിഭവങ്ങളുമായി വൈഗ വേദി വർണ്ണാഭമാക്കുന്നു. കൃഷിവകുപ്പിന്റെ കീഴിലുള്ള പൊതുമേഘലാ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, ബയോ ടെക്നോളജി ആൻഡ് മോഡൽ ഫ്ലോറി കൾച്ചർ സെന്റർ എന്നിവരും വിവിധ ഉൽപ്പന്നങ്ങളുമായി വൈഗ വേദിയിലുണ്ട്. കേന്ദ്ര സ്ഥാപനങ്ങളായ CPCRI, CTCRI, CDB, NHB, TBGRI, NIIST എന്നിവരും ധനകാര്യ സ്ഥാപനങ്ങളായ നബാർഡ് ബാങ്ക് ഓഫ് ബറോഡ എന്നിവയും തലസ്ഥാനനഗരിയിലെ വിസ്മയ കാഴ്ചകളുടെ പൊലിമ കൂട്ടുന്നു.
കാർഷിക മൂല്യ വർദ്ധിത മേഖലയിലേക്ക് ആകർഷകരായി വരുന്ന സംരംഭകർക്ക് നിർദ്ദേശങ്ങൾ നൽകുവാനും വഴികാട്ടിയാകുവാനും വൈഗയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

കാർഷിക മേഖലയിലെ സാധ്യതകൾ അറിയിച്ചുകൊണ്ട് നബാർഡിന്റെയും കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെയും എസ്. എഫ്. എ. സി. യുടെയും സ്റ്റാളുകൾ ഇവിടെയുണ്ട്. വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കി നൽകുന്നതിൽ കാർഷിക ബിസിനസ് ഇൻകുബേറ്ററും തയ്യാർ. കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ സൗജന്യമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം. പച്ചക്കറി വിത്തുകൾ തൈകൾ ഉൽപാദനോപാധികൾ, ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവയുടെ വില്പനശാലകൾ നിരവധിയുണ്ട്. കോട്ടൂർക്കോണം, മൂവാണ്ടൻ, ആൾ സീഡൺ തുടങ്ങിയ വിവിധയിനം മാവിനങ്ങൾ മുട്ടൻ വരിക്ക, തേൻവരിക്ക, വിയറ്റ്നാം ഏർലി തുടങ്ങിയ പ്ലാവിനങ്ങൾ, അലങ്കാര സസ്യങ്ങൾ, പഴവർഗ്ഗവിളകളുടെ തൈകൾ തുടങ്ങിയവ നഴ്സറികളിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം.

കർഷകർക്കും പൊതുജനങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മേഖലയിലേക്ക് ക്ഷണിക്കുകയാണ് വൈഗയിലെ സ്റ്റാളുകൾ. രാവിലെ 11 മുതൽ രാത്രി 10 മണിവരെയാണ് കാർഷിക പ്രദർശനം നടക്കുന്നത്. രാത്രി 9 മണി വരെ പ്രവേശന പാസ് പ്രദർശന നഗരിയിൽ നിന്ന് ലഭിക്കും.

Advertisment