അഭിനയാഭിനിവേശം മതിയാക്കി ചൊവ്വര ബഷീർ യാത്രയായി

author-image
ജൂലി
New Update

publive-image

ആലുവ: അരങ്ങിൽ അഭിനയത്തിന്റെ രസതന്ത്രമറിഞ്ഞ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നാടകനടൻ ചൊവ്വര ബഷീറിന്റെ ജീവിതകഥയ്ക്ക് പരിസമാപ്തിയായി. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. അറുപത്തിരണ്ടു വയസ്സായിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെ കാണികളുടെ മനസ്സിലേയ്ക്ക് കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേയ്ക്ക് പടർന്നിറങ്ങാനുള്ള വൈഭവമാണ് ബഷീർ എന്ന നടനെ വ്യത്യസ്തനാക്കി നിർത്തിയത്. മുപ്പത് വർഷം, മൂവായിരത്തോളം നാടകം. വൈക്കം മുഹമ്മദ് ബഷീറിന്റേതടക്കമുള്ള രചനകളെ വേദിയിൽ അനശ്വരമാക്കിയ നടനായിരുന്നു ബഷീർ. അരങ്ങിൽ സജീവമായിരുന്ന അദ്ദേഹം, രോഗാതുരനായതോടെയാണ് അഭിനയത്തിൽ നിന്നും ഒഴിഞ്ഞത്.

Advertisment

അമെച്ച്വർ, പ്രൊഫഷണൽ നാടകങ്ങളിലും ഒറ്റയാൾ നാടകത്തിലും തന്റെ അഭിനയശേഷി തെളിയിച്ച ചൊവ്വര ബഷീറിന്റെ അരങ്ങേറ്റം 1982-ൽ ആയിരുന്നു. അങ്കമാലി പൗർണ്ണമി തിയറ്റേഴ്സിന്റെ 'തീർത്ഥാടനം' എന്ന നാടകത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി ബഷീറിലെ നടൻ. ശ്രീമൂലനഗരം മോഹൻ എഴുതി എം.കെ. വാര്യർ സംവിധാനം ചെയ്ത നാടകമായിരുന്നു അത്. കാലടി തിയറ്റേഴ്സ്, കാഞ്ഞൂർ പ്രഭാത് തിയറ്റേഴ്സ് എന്നീ സമിതികളിലൂടെ അരങ്ങിൽ സജീവമായി. ഒറ്റയാൾ നാടകം എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ചതോടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്.

ഒറ്റക്കഥാപാത്രത്തിലൂടെ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ജന്മദിനം' എന്ന നാടകം ചൊവ്വര ബഷീറിലൂടെ കേരളത്തിലുടനീളം ചർച്ച ചെയ്യപ്പെട്ടിരുന്നു. അഷ്റഫ് മല്ലിശ്ശേരി യായിരുന്നു ആ നാടകം രൂപപ്പെടുത്തിയത്. 'ജന്മദിന'ത്തിന്റെ വിജയം ബഷീറിനെ ഒറ്റയാൾ നാടകത്തിന്റെ പ്രയോക്താവാക്കി മാറ്റി. ഷാജി കരിപ്പായിയുടെ 'കാവൽക്കാരൻ' നാടകത്തിലെ ബഷീറിന്റെ വേഷം സ്വന്തമായി ഒന്നും സമ്പാദിക്കാതെ മറ്റുള്ളവരുടെ സമ്പത്തിനായി കാവൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റേതായിരുന്നു. കൊച്ചിൻ കേളിയുടെ 'സോണി'യിൽ ശവപ്പെട്ടിക്കച്ചവടക്കാരനായി മാറി. അഭിനയമാണ് എന്റെ ജീവനെന്ന് ബഷീർ പറയുമായിരുന്നു. എല്ലാ നടന്മാർക്കും ഉള്ള സിനിമാമോഹം ബഷീറിനുമുണ്ടായിരുന്നു.

ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജ്ജിന്റെ 'ഈ കണ്ണികൂടി' എന്ന ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതുമാണ്. കഥാപാത്രത്തിന് ബുൾഗാൻ താടി ആവശ്യമാണെന്നും സ്വാഭാവികമായുള്ള താടി വളർത്തണമെന്നും സംവിധായകൻ ബഷീറിനോടാവശ്യപ്പെട്ടു. കെ.ജി. ജോർജ്ജ് നൽകിയ സമയപരിധിക്കുള്ളിൽ ബഷീറിന് താടിവളർന്നില്ലത്രെ. അങ്ങനെ തന്റെ സിനിമാമോഹം നടക്കാതെ പോയത് ഒരിക്കയ്ക്കൽ ബഷീർ വ്യസനത്തോടെ പറയുകയുണ്ടായി.

ജീവിതതത്രപ്പാടിൽ ഒരുപാട് നാടകങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന നടനാണദ്ദേഹം. കളമശ്ശേരി എച്ച്.എം.ടി. കമ്പനിയിലെ ജോലിയും നാടകാഭിനയവും ഒരുമിച്ചു കൊണ്ടുപോയത് നാടകാഭിനയത്തോടുള്ള അടക്കാനാവാത്ത അഭിനിവേശമായിരുന്നു. 2019- ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷവും നാടകത്തിൽ സജീവമായിരുന്നു. രോഗാതുരനായശേഷം ആലുവ ചൊവ്വര കൊണ്ടോട്ടി പുത്തൻവീട്ടിൽ കഴിയുമ്പോഴും ബഷീറിന്റെ മനസ്സിൽ എപ്പോഴും നാടകചിന്തകളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത നാടകസുഹൃത്തുക്കൾ പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Advertisment