കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ  സാക്ഷി വിസ്താരം ഇന്ന് തുടങ്ങും

New Update

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ  സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സനാണ്  കോഴിക്കോട്  എരഞ്ഞിപ്പാലത്തെ   പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാവുക. 2011ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്‍റെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്.

Advertisment

publive-image

2011ലാണ് കൂടത്തായി സ്വദേശി പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തില്‍ സയനഡിന്‍റെ അംശം കണ്ടെത്തിയിരുന്നെങ്കിലും കോടഞ്ചേരി പൊലീസ് അന്ന് ആത്മഹത്യയായി എഴുതിതത്തള്ളുകയായിരുന്നു. എട്ടു വര്‍ഷത്തിന് ശേഷം വടകര റൂറല്‍ എസ് പി കെ ജി സൈമണ് കിട്ടിയ പരാതി കേസ് മാറ്റി മറിച്ചു. റോയ് തോമസിന്‍റെ സഹോദരന്‍ റോജോ തോമസായിരുന്നു പരാതി നല്‍കിയത്.

റോയിയുടെ മുന്‍ഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ സ്പെഷ്യല്‍ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം എത്തി നിന്നത് പൊന്നാമറ്റം തറവാട്ടിലെ ദുരൂഹ മരണങ്ങളിലാണ്. ദുരൂഹതയുടെ ചുരുളഴിക്കാന്‍ റൂറല്‍ എസ് പി ചുമതലയേല്‍പ്പിച്ചത് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ഹരിദാസിനെയായിരുന്നു.

ഇതിനു പിന്നാലെയാണ് റോയ് തോമസ് അടക്കമുള്ള ആറു പേരുടേയും മരണം കൊലപാതകമാണെന്ന  വിവരം പുറത്ത് വന്നത്. എല്ലാത്തിനും പിന്നില്‍ ജോളിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.പിന്നാലെ ജോളിയടക്കമുള്ള പ്രതികള്‍ അറസ്ററിലാവുകയും ചെയ്തു.  റോയ് തോമസിന്‍റെ കൊലപാതകത്തില്‍ 255 സാക്ഷികളാണ് പ്രോസിക്യൂഷന്‍റെ പട്ടികയില്‍ ഉള്ളത്.

Advertisment