ബ്രഹ്മപുരം, എറണാകുളത്തെ അഗ്നിപർവ്വതം. പണ്ഡിത, പാമര, കുബേര, കുചേല, ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ശ്വസിച്ചുകൊണ്ടിരിയ്ക്കുന്നു ഈ മാലിന്യ അഗ്നിപർവതപുക. കത്തിയതോ കത്തിച്ചതോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുകയാണ്. ജനങ്ങളുടെ ആരോഗ്യത്തിന് പുല്ലുവില കൊടുക്കാത്ത കേരളമേ നാണമില്ലേ പ്രബുദ്ധ കേരളം എന്ന് മേനിപറയാൻ

New Update

publive-image

എറണാകുളം: രണ്ട് ദിവസമായി എറണാകുളത്തെ ജനങ്ങൾ വിഷപ്പുക ശ്വസിച്ചുകൊണ്ടിരിയ്ക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധ അനേകം ചതുരശ്ര കിലോമീറ്ററിലെ സകല ജീവജാലങ്ങളുടെയും ആരോഗ്യം നശിപ്പിയ്ക്കും. എറണാകുളത്തെ ജലാശയങ്ങളും വായുവും നേരത്തേ തന്നെ മലിനമായിരുന്നുവല്ലോ.

Advertisment

publive-image

ജനങ്ങളുടെ ഗതികേട് എന്നല്ലാതെ എന്തു പറയാനാണ്. ഒന്നിന്റെയും കണക്കുകളും തെളിവുകളും രേഖകളും ഒന്നും സാധാരണ ജനങ്ങൾക്ക് ആവശ്യമില്ല. അവരൊട്ട് ചോദിയ്ക്കാനും പോകുന്നില്ല, അവർക്ക് ഒട്ട് അറിയുകയും വേണ്ട. ഇനിയും ആശകൾ, വാഗ്ദാനങ്ങൾ കൊടുത്ത് പറ്റിക്കരുത് എന്ന അപേക്ഷ മാത്രം.

വോട്ട് ചെയ്ത് ഓരോ ജനപ്രതിനിധിയെയും തിരഞ്ഞെടുക്കുമ്പോൾ വോട്ടർമാർക്ക് വലിയ അത്യാഗ്രഹങ്ങളൊന്നും ഇല്ല. സ്വൈര്യമായ ജനജീവിതം, നല്ല വായു, ശുദ്ധജലം, നല്ല ആരോഗ്യം, നല്ല വിദ്യാഭ്യാസം, വിഷരഹിത ഭക്ഷണം, നല്ല റോഡ്, മികച്ച ഗതാഗത സംവിധാനം, തൊഴിൽ സ്വാതന്ത്ര്യം തുടങ്ങി ഒരു പൗരന്റെ അടിസ്ഥാന പരവും മൗലികവും ആയ ആവശ്യങ്ങൾ നിറവേറ്റുമെന്ന പ്രതീക്ഷയാണ് ഓരോ വോട്ടുകളും.

ഇവയൊക്കെ ഭരണഘടന പൗരന് ഉറപ്പ് നൽകുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, അവർ ഒരു പ്രത്യേകത ഉള്ള പൗരൻമാരാണെന്നുള്ള മിഥ്യാബോധം അവരെ, അവരറിയാതെ നയിക്കുന്നു. അല്ലെങ്കിൽ അവർ അങ്ങനെയാണ് എന്ന് വോട്ടർമാർ സ്വയം കൽപിച്ച് കൊടുക്കുന്നു. രണ്ടായാലും നഷ്ടം പൊതുജനത്തിന് തന്നെ.

ആ നഷ്ടം ബ്രഹ്മപുരം ആയും, കെഎസ്ആർടിസി ആയും കെഎസ്ഇബി ആയും ബിവറേജസ് ആയും മറ്റും മറ്റും ജനങ്ങളുടെ ബാദ്ധ്യത ആയി മാറുന്നു. മാലിന്യങ്ങൾ, അത് ഖരമായാലും ദ്രവമായാലും രാജ്യത്തിനും ജനങ്ങൾക്കും ഭീഷണിയാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. അതിനെ ഫലപ്രദമായി സംസ്ക്കരിയ്ക്കാൻ ആധുനിക മാർഗ്ഗങ്ങൾ ധാരാളം ഉണ്ടല്ലോ. എന്ത് കൊണ്ട് അത് നടപ്പാക്കുന്നില്ല.?

മലിനീകരണ നിയന്ത്രണം ഫലപ്രദമായി കേരളത്തിൽ നടക്കുന്നില്ല എന്ന യാഥാർത്ഥ്യം ബ്രഹ്മപുരം നമുക്ക് കാട്ടിത്തരുന്നു. നിയമസഭ നിർത്തിവെച്ച് ഭരണപക്ഷവും പ്രതിപക്ഷവും ബ്രഹ്മപുരത്തേയ്ക്ക് ഇറങ്ങാമോ.? ആനയും അമ്പാരിയും കാഹളനാദങ്ങളും തട്ടിൻപുറത്ത് വച്ചിട്ട് ബ്രഹ്മപുരത്ത് വീശുന്ന മാലിന്യക്കാറ്റ് കൊള്ളാൻ ധൈര്യമുണ്ടോ.?

മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പുകാരനെ ചെവിയ്ക്ക്പിടിച്ച് തൂക്കി എടുത്ത് അകത്തിടാൻ ചങ്കൂറ്റമുണ്ടോ.? കാലുകൾ നീളുന്നില്ല, മുട്ട് വിറയ്ക്കുന്നു അല്ലേ.! നാലാളുടെ മുന്നിൽ ഗീർവാണവും വായ്ത്താരിയും വിടുന്നപോലല്ല അല്ലേ.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജോലികൾ എന്തൊക്കെയാണ് എന്ന് തിരക്കാറുണ്ടോ. എന്തിനാണ് ഇങ്ങനെ ഒരു ബോർഡ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒരു മെഡിക്കൽ ഓഫീസർ വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു മാലിന്യങ്ങളുടേത്. ഒരു ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു മാലിന്യങ്ങളുടേത്.

യുദ്ധകാലാടിസ്ഥാനത്തിൽ ബ്രഹ്മപുരം വൃത്തിയായി സൂക്ഷിക്കാൻ നടപടികൾ സ്വീകരിയ്ക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നതിൽ തെറ്റില്ലല്ലോ. ആർജ്ജവം, ഇച്ഛാശക്തി, ധാരണ, ദീർഘവീക്ഷണം ഇതൊക്കെ ഉള്ള ഒരു ജനപ്രതിനിധി, ഒരേയൊരു ജനപ്രതിനിധിയെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വന്ന് ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സംഭവിച്ചത് എന്താണെന്ന് ജനങ്ങളോട് പറയണം.

രാജ്യത്തെ ജനങ്ങളാണ് അതിന്റെ ഏറ്റവും വലിയ സ്വത്ത് എന്ന് തിരിച്ചറിയാൻ ഇനിയും ഇവിടെ ആർക്കും കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ജീവന് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കണമെന്ന് "സാംസ്കാരിക കേരളം" എന്നൊക്കെ ഘോഷിയ്ക്കുന്ന "പ്രബുദ്ധർ" എന്ന് മനസ്സിലാക്കും.

സാംസ്കാരിക വികസനം ആർജ്ജിച്ച രാജ്യങ്ങൾ ലോകത്ത് ഉണ്ട്. ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കൊടുക്കുന്ന വില അറിയാത്തവരല്ല ഇവിടുള്ളവർ. മനപ്പൂർവം അതൊന്നും വേണ്ടെന്ന് വെയ്ക്കുന്ന തികഞ്ഞ അവഗണനയല്ലേ, കുറ്റകരമായ അവഗണന.!

ബ്രഹ്മപുരത്തെ രാഷ്ട്രീയം എന്തുതന്നെയായാലും അത് സാമാന്യ ജനത്തിന് ബാധകമല്ല. അവിടെ ഇനി മാലിന്യ അഗ്നിപർവ്വതം പുകഞ്ഞ് കത്തരുത്. എറണാകുളത്തെ വായുവിനെ മലിനപ്പെടുത്തരുത്. ജനിച്ച് വീണ ഉടനെ പിഞ്ചു കുഞ്ഞുങ്ങളെ ഈ മലിനവായു ശ്വസിപ്പിച്ചവർ നിയമത്തിന് അതീതരാകാം. അവരോട് കാലം കണക്ക് ചോദിയ്ക്കട്ടെ.!

ഇവിടെ കാറ്റിന് സുഗന്ധം ഉണ്ടാകുമോ.? ഇതിലേ വസന്തം വരുമോ.?

Advertisment