Advertisment

മത്സ്യമേഖലയിലെ സ്ത്രീതിളക്കം: മാതൃകയായി തൃപ്തിയും ദീപയും ; ലോക വനിത ദിനത്തിൽ സിഎംഎഫ്ആർഐ ആദരിക്കും

New Update

publive-image

Advertisment

കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ്  തൃപ്തി ഷെട്ടിയും ദീപ മനോജും. അലങ്കാരമത്സ്യ കൃഷി-വിപണന രംഗത്ത് സംരംഭകരായി മികവ് തെളിയിച്ചാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. വെല്ലുവിളികൾ ഏറെയുള്ള അലങ്കാരമത്സ്യകൃഷി മേഖലയിൽ കഠിനാധ്വാനവും മാനേജ്‌മെന്റ് വൈദഗ്ധ്യവും കൊണ്ട് കരുത്ത് തെളിയിച്ച രണ്ടുപേരെയും ലോക വനിത ദിനത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിക്കും. കോവിഡ്കാല പ്രതിസന്ധികളെ മനോധൈര്യത്തോടെ നേരിട്ടാണ് തൃപ്തിയും ദീപയും അവരുടെ ബിസിനസ് സംരംഭം വിജയകരമാക്കിയത്.

ട്രാൻസ് വനിതയായ ആലുവ കടുങ്ങല്ലൂർ സ്വദേശി തൃപ്തി ഷെട്ടി സിഎംഎഫ്ആർഐയുടെ സയൻസ് ടെക്നോളജി ഇന്നൊവേഷൻ ഹബ് പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ്. കേരളത്തിലെ ആദ്യകാല ട്രാൻസ്‌ജെൻഡർ സംരംഭകയായി ശ്രദ്ധനേടിയ തൃപ്തി അലങ്കാരമത്സ്യകൃഷിയിലൂടെയാണ് മത്സ്യമേഖലയിൽ കരുത്ത് തെളിയിച്ചത്. ഇതുവഴി കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഭദ്രമാക്കുന്നതിൽ വിജയിച്ചു. ലോക്ഡൗൺ കാരണം കനത്ത നഷ്ടമുണ്ടായെങ്കിലും പിൻമാറാൻ തയ്യാറായില്ല. സിഎംഎഫ്ആർഐയുടെ സഹായം സംരംഭകത്വം മുന്നോട്ട് കൊണ്ട് പോകാൻ ഏറെ ഉപകരിച്ചതായി  തൃപ്തി പറയുന്നു. തൃപ്തി അക്വാട്ടിക്സ് എന്ന സംരംഭം വഴി 50 ശതമാനത്തോളം അധികവരുമാനം കുടുംബത്തിന് ലഭിക്കുന്നുണ്ട്. ട്രാൻസ്ജെൻഡറായ എം ഹൃത്വിക്കിനെയാണ് വിവാഹം ചെയ്തത്.

publive-image

പെരുമ്പാവൂർ കീഴില്ലം സ്വദേശിയാണ് ദീപ മനോജ്. അലങ്കാരമത്സ്യകുഞ്ഞുങ്ങളെ വളർത്തുകയും വിൽക്കുകയും ചെയ്ത് ഉപജീവനമാരംഭിച്ച ദീപ പിന്നീട് അയൽപക്കത്തുള്ള തൊഴിൽരഹിതരായവരെ കണ്ടെത്തി അവരെക്കൂടി അലങ്കാരമത്സ്യകൃഷിയിലേക്ക് ആകർഷിച്ച് സംരംഭം വിപുലമാക്കി. പ്രതിസന്ധികൾക്കിടയിലും വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്താനായതും കൂട്ടായ്മ രൂപീകരിച്ച് അവരെ അലങ്കാരമത്സ്യകൃഷിയിലേക്ക് ആകർഷിക്കാനായതുമാണ് ദീപയുടെ വിജയം.

വാണിജ്യമൂല്യമുള്ള അലങ്കാരമത്സ്യങ്ങളുടെ കൃഷിയും പ്രജനനവും അവരെ പരിശീലിപ്പിച്ചു. ഈ മത്സ്യങ്ങളുടെ വിപണന ശൃംഖല വികസിപ്പിച്ചു. അറ്റ്ലാന്റ ഫിഷ് ഫാം എന്ന തന്റെ സംരംഭം വഴി ധാരാളം പേർക്ക് സ്വയംതൊഴിലിനുള്ള അവസരവും നൽകാനായി. നൂറുകണക്കിന് ടാങ്കുകൡലായി വാണിജ്യപ്രാധാന്യമുള്ള എല്ലാതരം അലങ്കാരമത്സ്യങ്ങളും അറ്റ്‌ലാന്റയിൽ ലഭ്യമാണ്. കോവിഡിൽ ഏറെ പ്രതിസന്ധികളുണ്ടായെങ്കിലും ലോക്ഡൗൺ കാലത്ത് പലരും അലങ്കാര മത്സ്യകൃഷി പോലെയുള്ള സ്വയംതൊഴിൽ മേഖലയിലേക്ക് തിരിഞ്ഞത് ഗുണകരമായെന്നും ദീപ മനോജ് പറയുന്നു.

സിഎംഎഫ്ആർഐയിൽ ഇന്ന് (ബുധൻ) നടക്കുന്ന വനിത ദിനാഘോഷത്തിൽ  ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഇരുവരെയും ആദരിക്കും. കൊച്ചി നഗരസഭ കൗൺസിലർ പത്മജ എസ് മേനോൻ, സിഎംഎഫ്ആർഐ വനിതാസെൽ ചെയർപേഴ്സൺ ഡോ മിറിയം പോൾ ശ്രീറാം, മെംബർ സെക്രട്ടറി ഡോ സന്ധ്യ സുകുമാരൻ എന്നിവർ സംബന്ധിക്കും.

Advertisment