കണ്ണനല്ലൂര്‍: കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചു. പുലിയില ഭഗവാൻ മുക്ക് തെക്കേടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവത്തില്‍ കണ്ണനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണമുണ്ടായത്.
ശ്രീകോവിലിന്റെ കതക് തകർത്ത് അകത്തു കടന്ന കള്ളൻ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണ മാലയും സ്വർണ്ണ പൊട്ടുമടക്കം രണ്ടു പവൻ സ്വർണ്ണമാണ് മോഷ്ടിച്ചു കൊണ്ടു പോയത്. ക്ഷേത്ര ഓഫീസും കുത്തി തുറന്ന് പണവും മോഷ്ടാവ് കവര്‍ന്നു. രണ്ട് വർഷം മുന്പ് അന്പലപ്പറന്പിൽ നിന്നും ചന്ദന മരം കള്ളന്മാർ മുറിച്ച് കടത്തിയിരുന്നു.
ഒരു വർഷം മുന്പ് ക്ഷേത്ര ഓഫീസിലെ മേശ കുത്തി തുറന്ന് പതിനായിരം രൂപയും മോഷണം പോയിരുന്നു. രണ്ടു കേസുകളിലേയും പ്രതികളെ കണ്ടെത്താൻ കണ്ണനല്ലൂര്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന്‍റെയടക്കം പൂട്ടു പൊളിച്ച് അകത്തുകയറി വൻ മോഷണം നടന്നത് മാര്‍ച്ച് ആദ്യവാരമാണ്.
പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചിൽ ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെയും തിടപ്പള്ളിയുടെയും പൂട്ടു പൊളിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിൽ മൊത്തം 51000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ശ്രീകോവിലിൽ വച്ചിരുന്ന ഓടിൽ നിർമ്മിച്ച 7 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹ പ്രഭയടക്കമുള്ളവയാണ് നഷ്ടമായത്. 4 കിലോഗ്രാം തൂക്കം വരുന്ന നാല് തൂക്കുവിളക്കുകളും നഷ്ടമായി.