മലപ്പുറം മമ്പാട് ടാണയിൽ ഫർണിച്ചർ ശാലയിൽ വൻ അഗ്നിബാധ

New Update

മലപ്പുറം: മലപ്പുറം മമ്പാട് ടാണയിൽ ഫർണിച്ചർ ശാലയിൽ വൻ അഗ്നിബാധ. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രൈമർ മെഷിനിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീ കത്താൻ കാരണമെന്നാണ് നിഗമനം.

Advertisment

publive-image

ഫർണിച്ചർ ഷെഡ്, വർക്ക് ഷോപ്പ്, നിർമാണം പൂർത്തീകരിച്ച് വിപണനത്തിനായി ഒരുക്കി വെച്ച ഫർണിച്ചർ ഉപകരണങ്ങൾ, തേക്ക് ഉൾപ്പെടെയുള്ള മര ഉരുപ്പടികൾ, ലക്ഷങ്ങൾ വിലയുള്ള പത്തിലേറെ വിവിധ മെഷീനുകൾ, ഗുഡ്‌സ് ഓട്ടോ, ടിന്നർ, പോളിഷ് പെയ്ന്റ്, പശ എന്നിവയെല്ലാം കത്തിയമർന്നു.

ടിന്നർ, പെയ്ന്റ്, പശ ക്യാനുകളെല്ലാം പൊട്ടിതെറിച്ചിട്ടുണ്ട്. മരത്തടികൾക്കൊപ്പം ടിന്നറും ആളിക്കത്തിയതാണ് തീ അതിവേഗം പടരാൻ കാരണമെന്ന് കരുതുന്നു. മലപ്പുറം, നിലമ്പൂർ, തിരുവാലി, മഞ്ചേരി ഫയർ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കെ എൻ ജി റോഡിനോട് ചേർന്ന് ടാണ മാഞ്ചേരി അബ്ദുള്ളക്കുട്ടിയുടെ 50 സെന്റ് സ്ഥലം വാടകക്കെടുത്ത് മമ്പാട് തോട്ടിന്റെക്കര പുന്നപ്പാല മുജീബ് നടത്തുന്ന  ഫർണിച്ചർ നിർമാണ ശാലയാണ് പൂർണ്ണമായി കത്തി നശിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഫർണിച്ചർ ശാലയുടെ പ്രധാന കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്.

തൊഴിലാളികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ നിലമ്പൂർ അഗ്നി രക്ഷാ സേനയുടെ തീ അണക്കാനുള്ള ശ്രമത്തിനിടയിൽ അടുത്ത കെട്ടിടത്തിലേക്കും മറ്റ് ഭാഗങ്ങളിലേക്കും തീപടരുകയായിരുന്നു. ഇതിനിടയിൽ ഫർണിച്ചർ ശാലയുടെ മുഴുവൻ ഭാഗങ്ങളും കത്തിനശിക്കുകയായിരുന്നു.

Advertisment