/sathyam/media/post_attachments/tyToL062ar3P0y9j2IXV.jpeg)
കാലടി: കൊച്ചിയിലെ നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് ഉപഹാരമായി നല്കിയത് അമ്പും വില്ലുമേന്തി നില്ക്കുന്ന ദ്രോണാചാര്യരുടെ പത്തുകിലോ സുവർണ വിഗ്രഹം. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നേവിയിലെ നാല് ഉദ്യോഗസ്ഥർ ചേർന്നാണ് അപൂർവ ഉപഹാരം രാഷ്ട്രപതിക്കു സമ്മാനിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുൾപ്പെടെയുള്ള മറ്റു വിശിഷ്ടവ്യക്തികൾക്ക് ഇതിന്റെ ചെറുപതിപ്പുകളും സമ്മാനിച്ചു.
/sathyam/media/post_attachments/axwKYbQlKBF8ojWHhC6d.jpeg)
കരവിരുതകളേറെയുള്ള വിഗ്രഹം പറക്കാട്ട് ജുവലറിയാണ് തയ്യാറാക്കിയത്. ഉടമ പ്രീതി പ്രകാശ് രൂപകല്പന ചെയ്ത മാതൃക നേവി അധികൃതർ തിരഞ്ഞെടുക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ദൗത്യം ഏല്‌ക്കേണ്ടിവന്നതെന്ന് പ്രീതി പറഞ്ഞു. പ്രീതി ഡിസൈൻ ചെയ്ത വിവിധ ശില്പങ്ങൾ ശ്രദ്ധയിൽപ്പെട്ട നേവിയിലെ ഉന്നത സമിതി, നാവിക ആസ്ഥാനത്തേക്കു വിളിപ്പിക്കുകയായിരുന്നു. അവർ നല്കിയ ചിത്രം നോക്കിയാണ് ശില്പം രൂപകല്പന ചെയ്തത്. വിഗ്രഹനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും ചർച്ച ചെയ്യാൻ പലതവണ നാവിക ആസ്ഥാനത്തെത്തി.
/sathyam/media/post_attachments/OH0mglbkqz3I20gbP3ZE.jpeg)
ഇതുവരെയുള്ള ഉത്തരവാദിത്വങ്ങളിൽ ഏറ്റവും ശ്രമകരമായിരുന്നു ഇത്. ഗോൾഡ് ഫോമിംഗ് എന്ന ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ റെസിൻ ഉപയോഗിച്ചു നിർമ്മിച്ച വിഗ്രഹത്തിൽ പൂർണമായും ഗോൾഡ് ലെയർ ചെയ്യുകയായിരുന്നു. ഇതിൽ ടെറാക്കോട്ട വിദ്യകൂടി ഉപയോഗപ്പെടുത്തിയതോടെ ‘ബ്ലാക്ക് ആൻഡ് ഗോൾഡ് ‘ ചാരുതയോടെ കൂടുതൽ സ്വാഭാവികമായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചലച്ചിത്രതാരം മോഹൻലാൽ സമ്മാനിച്ച മരപ്രഭു എന്ന ശില്പം, അമേരിക്കയിലെ അയ്യപ്പക്ഷേത്രത്തിലേക്കുള്ള തിരുവാഭരണം തുടങ്ങിയവ ഡിസൈൻ ചെയ്തതും പ്രീതിയാണ്. ഭര്‍ത്താവ് പ്രകാശ് പറക്കാട്ട്. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനാണ്. രണ്ട് ആണ്‍ മക്കള്‍, അഭിജിത്ത് പറക്കാട്ട്, അഭിഷേക് പറക്കാട്ട്.