കോടനാട് കുടുംബാരോഗ്യകേന്ദ്രത്തിന് ആരോഗ്യവകുപ്പിന്റെ കായകല്പ് അവാർഡ്

author-image
ജൂലി
New Update

publive-image

കൂവപ്പടി: കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രം 2022-23 കാലയളവിലെ കായകല്പ് അവാർഡ് കരസ്ഥമാക്കി. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവയ്ക്ക് ഊന്നൽ നൽകി സംസ്ഥാന ആരോഗ്യവകുപ്പ് നൽകുന്നതാണ് കായകല്പ് അവാർഡ്.
ആശുപത്രികളിൽ ജില്ലാതല പരിശോധനയും തുടർന്ന് സംസ്ഥാന തല പരിശോധനയും നടത്തിയാണ് അവാർഡ് നിർണയ സമിതി മികച്ച ആരോഗ്യസ്ഥാപനത്തെ തിരഞ്ഞെടുക്കുന്നത്. ജില്ലാതല കുടുംബാരോഗ്യ വിഭാഗത്തിൽ ഈ ആശുപത്രി ഒന്നാമതെത്തിയിരുന്നു. 2 ലക്ഷം രൂപയാണ് അവാർഡ് തുകയായി ആശുപത്രിയ്ക്ക് കിട്ടുകയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിക്ടർ ജെ. ഫെർണാണ്ടസ് പറഞ്ഞു. ആരോഗ്യ വകുപ്പ് ജില്ലയിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയാണിത്.

Advertisment

തുടർന്ന് പെരുമ്പാവൂർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ വകയിരുത്തി ഇമ്മ്യൂണൈസേഷൻ ബ്ലോക്ക് ഉൾപ്പെടെ സൗകര്യം വർദ്ധിപ്പിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ചെലവഴിച്ച് ഫാർമസി, വാഹന പാർക്കിംഗ് ഏരിയ, കവാടം എന്നിവ പണിതു. പവിഴം ഗ്രൂപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി പാർക്ക് നിർമ്മിച്ചു. അക്വാടെക് കമ്പനി പാർക്കിംഗ് ഏരിയയിൽ ഷീറ്റ് പാകി നൽകി. ത്രിതല പഞ്ചായത്തുകളും വികസനത്തിൽ പങ്കാളികളായിരുന്നു.

കോടനാട് ഫാമിലി ഹെൽത്ത് സെന്റർ ആശുപത്രി എൻ.ക്യു.എ.എസ്. സ്റ്റാന്റേർഡിലേയ്ക്ക് ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. കായകല്പ് അവാർഡ് ലഭ്യമാകുന്നതിന് വേണ്ടി പ്രവർത്തിച്ച പഞ്ചായത്ത് ഭരണസമിതിയെയും ആശുപത്രി ജീവനക്കാരെയും, എച്ച്.എം.സി. അംഗങ്ങളെയും എം.എൽ.എ. അഭിനന്ദിച്ചു.

ദശാശബ്ദങ്ങൾക്ക് മുൻപ് ആശുപത്രി നിർമ്മാണത്തിനായി ഒന്നരയേക്കർ സ്ഥലം മംഗലം എസ്റ്റേറ്റ് ഉടമ യശ: എം.ജെ പുന്നൂസാണ് സൗജന്യമായി നൽകിയത്. 1967-ൽ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ബി. വെല്ലിംഗ്ടൺ ആശുപത്രി നിർമ്മാണത്തിന് തറക്കല്ലിട്ടു. തുടർന്ന് സാമ്പത്തിക പരാധീനത മൂലം പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഒമ്പത് വർഷങ്ങൾക്കുശേഷം ആണ് പണി പുനരാരംഭിച്ചത്. സർക്കാർ ധനസഹായമില്ലാതെ നാട്ടുകാർ സ്വരൂപിച്ച പണം കൊണ്ടാണ് ആശുപത്രി കെട്ടിടം ആദ്യം നിർമ്മിക്കാൻ തുടങ്ങിയത്. 1977 മാർച്ച് 7ന് ചലച്ചിത്ര താരം ഉർവ്വശി ശാരദയാണ് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

publive-image

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മായാ കൃഷ്ണകുമാർ പി.വി. സുനിൽ, ജിജി ശെൽവരാജ്, മിനി ബാബു, എം.ഒ. ജോസ്, എം.വി.സാജു, സാംസൺ ജേക്കബ്, ശശികല രമേശ്, ബിന്ദു കൃഷ്ണകുമാർ, സിനി എൽദോ, സന്ധ്യ രാജേഷ്, ചാർലി പോൾ, ഹരിഹരൻ പടിക്കൽ , നിത പി.എസ്, മരിയ മാത്യു, ചീഫ് മെഡിക്കൽ ഓഫീസർ വിക്ടർ ജെ. ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ അവാർഡ് നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചു.

ആതുരശുശ്രൂഷാരംഗത്തെ ജനകീയനായ ഡോക്ടറാണ് ചീഫ് മെഡിക്കൽ ഓഫീസറായി ഇവിടെ സേവനമനുഷ്ഠിച്ചുവരുന്ന റിട്ട. മേജർ ഡോ. വിക്ടർ ജെ. ഫെർണാണ്ടസ് ചികിത്സാരംഗത്തെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യവും രോഗികളോടുള്ള കരുതലും സ്നേഹമസൃണമായ പെരുമാറ്റവും രോഗികൾ കൂടുതലായി ഈ ആശുപത്രി തേടിയെത്താൻ കാരണമാകുന്നുണ്ട്. ആശുപത്രിയുടെ നേട്ടങ്ങൾക്ക് പിന്നിൽ ഡോക്ടറുടെ വിശിഷ്ട സേവനമാണെന്നും അദ്ദേഹത്തെയും അവാർഡിനായി ഭാവിയിൽ പരിഗണിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisment