ആനക്കഥയിലെ ഓസ്കർ ബൊമ്മനും ബെള്ളിയും ഗുരുവായൂരപ്പനെ തൊഴാനെത്തി

author-image
ജൂലി
New Update

publive-image

ഗുരുവായൂർ: ആനക്കഥയിലൂടെ ലോകോത്തര ഓസ്കർ പുരസ്കാരം കരസ്ഥമാക്കിയ ബൊമ്മൻ- ബെള്ളി താരദമ്പതിമാർ തമിഴ്നാട്ടിൽ നിന്നും ഗുരുവായൂരപ്പനെ തൊഴാനെത്തി. തങ്ങൾക്കു കൈവന്ന അപൂർവ്വനേട്ടത്തിന് ഗുരുവായൂരപ്പനോട് നന്ദിപറയാനാണ് തിങ്കളാഴ്ച ഇരുവരും ഗുരുപവനപുരിയിൽ എത്തിയത്.

Advertisment

മികച്ച ഡോക്യുമെൻ്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ 'എലെഫൻ്റ് വിസ്പറേഴ്സിലെ' അഭിനേതാക്കളാണ് ബൊമ്മനും ബെള്ളിയും. തമിഴ്നാട് മുതുമല തെപ്പക്കാട് ആനസങ്കേതത്തിലെ പരിശീലകരാണ് ഈ ദമ്പതികൾ. മക്കളെപ്പോലെ വളർത്തിയ രണ്ട് കുട്ടിയാനകളുടെ കഥയിലൂടെ രക്തബന്ധത്തേക്കാൾ ഈടുറ്റ സ്നേഹവായ്പ്പിൻ്റെ ജീവിതചിത്രം അഭ്രപാളികളിൽ വരച്ചു കാട്ടുകയായിരുന്നു എലെഫൻ്റ് വിസ്പറേഴ്സ്. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിലൂടെയിണ് ആദ്യമായി റിലീസ് ചെയ്തത്. തമിഴിലും തെക്കേയിന്ത്യൻ ആദിവാസി ദ്രാവിഡ ഗോത്രഭാഷയായ ജെന്നു കുറുംമ്പയിലുമാണ് ചിത്രീകരിച്ചത്.

publive-image

ഗുരുവായൂരപ്പന്റെ നിസ്തുല ഭക്തരായ ബൊമ്മനും ബെള്ളിയും ഇതാദ്യമായിട്ടല്ല ഗുരുവായൂരിൽ എത്തുന്നത്.
എല്ലാ വർഷവും ഗുരുവായൂർ ദർശനം പതിവുള്ളതാണ്.തങ്ങളുടെ കഥയും അഭിനയവും പങ്കുവെച്ച ചിത്രത്തിന് ഓസ്കർ പുരസ്കാരം ലഭിച്ചപ്പോൾ ചെറുതല്ലാത്ത സന്തോഷമുണ്ടായി. അതിനുഗുരുവായൂരപ്പനോട് നന്ദി പറയണമെന്നു തോന്നി. ഈ പുരസ്കാരം ഗുരുവായൂരപ്പന്റെ ദാനമാണ്. അതിനു ഞങ്ങൾ ഭഗവാനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബഒമ്മൻ പറഞ്ഞു.

publive-image

കൊച്ചുമകൻ സഞ്ചുകുമാറിനോടൊപ്പം തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ദേവസ്വം ഓഫീസിലെത്തിയ ഓസ്കർ പുരസ്കാരജേതാക്കൾക്ക് ദേവസ്വം സ്വീകരണം നൽകി. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചു. പൊന്നാട ചാർത്തിയാദരിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ എ.കെ. രാധാകൃഷ്ണൻ, കെ.എസ്. മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ബൊമ്മനും ബെള്ളിയും ക്ഷേത്ര ദർശനം നടത്തിയത്.

തമിഴ്‌നാട് വനം വകുപ്പിലെ ആനപരിശീലകരായ ഇവരുടെ അച്ഛനും മുത്തച്ഛനുമെല്ലാം പരിശീലകരായിരുന്നു. മൂന്നു മക്കളാണ് ഈ ദമ്പതിമാർക്ക്. കാളൻ, മഞ്ജു, ജ്യോതി. മൂവരും വിവാഹിതരാണ്.

Advertisment