തിരുവനന്തപുരം: രാഹുൽഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കേന്ദ്ര നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് ഊർജ്ജമായി രാജ്യത്തെ നിയമജ്ഞരുടെ അഭിപ്രായങ്ങൾ. എംപിയുടെ അയോഗ്യത തീരുമാനിക്കും മുൻപ് രാഷ്ട്രപതിയുടെ തീരുമാനത്തിന് വിടണമെന്ന ചട്ടം പാലിക്കാത്തത് വീഴ്ചയാണെന്ന് നിയമവിദ്ഗദ്ധർ പറയുന്നു. ഇക്കാര്യം കോടതിയിൽ പോയാൽ ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് റദ്ദാക്കപ്പെടാമെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറഞ്ഞു. തിടുക്കപ്പെട്ട് ഉത്തരവിറക്കാനായി ഇപ്പോൾ ചട്ടങ്ങൾ അവഗണിച്ചത് രാഹുലിന് കോടതിയിൽ തുണയാവും. ഇപ്പോഴത്തെ അയോഗ്യത രാഹുലിനെ കൂടുതൽ കരുത്തനാക്കിയേക്കാനാണ് സാദ്ധ്യത.
/sathyam/media/post_attachments/UNS9s05rSX2I2Rx6XPmK.jpg)
102(1) ഇ അനുച്ഛേദം പ്രകാരം പാർലമെന്റ് നിർമ്മിച്ച നിയമങ്ങൾ പ്രകാരമുള്ള അയോഗ്യതയിൽ തീർപ്പു കൽപ്പിക്കേണ്ടത് രാഷ്ട്രപതിയാണെന്ന് ഭരണഘടന പറയുന്നുണ്ട്. പാർലമെന്റ് നിർമ്മിച്ച ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് രാഹുൽ ഗാന്ധിക്ക് അയോഗ്യത വന്നത്. പാർലമെന്റ് അംഗത്തിന്റെ അയോഗ്യതയിൽ തീർപ്പു വരേണ്ടത് ഉന്നതതലത്തിൽ നിന്നാണെന്ന സന്ദേശമാണ് ഭരണഘടന നൽകുന്നത്. കോടതി വിധിയുടെ പേരിൽ ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത് തികച്ചും തെറ്റാണ്. ഇതുപ്രകാരം രാഹുൽ ഗാന്ധിക്ക് അയോഗ്യതയുണ്ടെന്ന് പറയാനാകില്ല. മുൻപ് ഇതുപോലുള്ള കോടതിവിധികൾ വന്നാൽ ഭരണഘടനയുടെ 103(1) പ്രകാരം തീരുമാനമെടുക്കണമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് എഴുതുമായിരുന്നു. തുടർന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടും. ആ അഭിപ്രായം രാഷ്ട്രപതി അറിയിക്കുമ്പോഴാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുക. അയോഗ്യത മൂലം സീറ്റിൽ ഒഴിവു വന്നതായും അറിയിക്കും.
തിടുക്കപ്പെട്ട് ഉത്തരവിറക്കാനായി ഇപ്പോൾ ചട്ടങ്ങൾ അവഗണിച്ചു. ചട്ടങ്ങൾ പ്രകാരമാണെങ്കിൽ അപ്പീലിന് പോകാൻ അയോഗ്യത വന്നയാൾക്ക് സമയം ലഭിക്കും. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. മോദി സർക്കാർ വന്ന ശേഷം ഐ.എ.എസ് ഉദ്യോഗസ്ഥർ ലോക്സഭാ സെക്രട്ടറി ജനറൽമാരാകുന്നതും ചട്ടലംഘനത്തിന് കാരണമാകുന്നുണ്ട്. ഭരണഘടനയും നിയമവും അറിയുന്ന ലോക്സഭാ സെക്രട്ടേറിയറ്റ് ജീവനക്കാരാണ് നേരത്തെ തലപ്പത്ത് വന്നിരുന്നത്. അനുഭവങ്ങളില്ലാത്തത് ഇത്തരം സാഹചര്യങ്ങളിൽ തിരിച്ചടിയാകുന്നു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
തിങ്കളാഴ്ച മുതൽ ബ്ലോക്ക് തലത്തിൽ പ്രതിഷേധം നടത്തും. തിരഞ്ഞെടുപ്പ് കമ്മിഷൻ വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചതായി സൂചനയുണ്ട്. അതേസമയം അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കി. സൂററ്റിലെ കേസിന്റെ പ്രാധാന്യം തിരിച്ചറിയാതെ ലാഘവത്തോടെ കണ്ടതാണ് കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലെത്തിച്ചതെന്ന് നേതാക്കൾക്ക് അഭിപ്രായമുണ്ട്. എന്നാൽ ജാഗ്രതയോടെ കാര്യങ്ങളെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് പാർട്ടി.
സൂററ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞിരുന്നെങ്കിലും ഇന്നലെവരെ നൽകിയിട്ടില്ല. അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് വന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കൂടി അറിയാൻ കാക്കും. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാലും സീറ്റ് കോൺഗ്രസ് കൈവിടാനിടയില്ല. രാഹുൽഗാന്ധിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 4,31,770 വോട്ടുകളാണ്. രാഹുൽ 7,06,367 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ സി.പി.ഐയിലെ പി.പി. സുനീർ 2,74,597 വോട്ടുകൾ നേടി. മൂന്നാമതെത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് 59,816 വോട്ടുകളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us