കോഴിക്കോട്: ചിരി മരുന്നായി പകർന്ന് അനേകരുടെ മുറിവുണക്കിയ അസാധാരണ കലാകാരനായിരുന്നു ഇന്നസെൻ്റെന്ന് മലയാള ചലചിത്ര കാണികൾ ( മക്കൾ) സംസ്ഥാന പ്രസിഡൻ്റ് ഷെവ.സി.ഇ. ചാക്കുണ്ണി അനുസ്മരിച്ചു. രോഗ തീവ്രതയാൽ മുറിവേറ്റ മനസോടെ കാൻസർ വാർഡുകളിൽ കഴിഞ്ഞ രോഗികൾക്ക് ഇൻ്റസെൻ്റിൻ്റെ ചിരി മേമ്പൊടി ചേർത്ത അനുഭവ വിവരണം സമ്മാനിച്ച ആത്മവിശ്വാസം ചെറുതല്ല. എം.വി.ആർ. ക്യാൻസർ സെന്റർ ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പല ചടങ്ങുകളിലും ചെയർമാൻ സി. എൻ. വിജയകൃഷ്ണനോടൊപ്പം ഇന്നസെൻ്റുമൊത്ത് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. മാറാരോഗമെന്ന ആധിയിൽ പുഞ്ചിരി പോലും മറന്ന കാൻസർ രോഗികളോട് സ്വതസിദ്ധമായ ശൈലിയിലായിരുന്നു അദ്ദേഹം സംവദിച്ചിരുന്നത്.
/sathyam/media/post_attachments/jFIpJRvJX6NlSYtYHmz2.jpg)
തനിക്കും കാൻസർ വന്നതാണെന്നും എന്നാൽ ചെറുത്തു തോൽപ്പിച്ചെന്നും അദ്ദേഹം അനുഭവ വിവരണം നടത്തവേ രോഗികളിലും പോരാട്ട വീര്യമുണരും. കൊഴിഞ്ഞ മുടിയിഴകളോർത്ത് സങ്കടപ്പെടേണ്ടതില്ലെന്നും രോഗം മാറിയാൽ എല്ലാം ഇതേപോലെ കിളിർത്ത് കൂടുതൽ സുന്ദരമാകുമെന്നും ഇന്നസെൻ്റ് പറയുമ്പോൾ രോഗികളുടെ മുഖത്ത് പുഞ്ചിരിയല്ല പൊട്ടിച്ചിരിയാണ് അല തീർക്കുക. ഇത്രയേറെ ആത്മവിശ്വാസം പകർന്ന് നൽകാൻ കഴിവുള്ള പ്രാസംഗികർ കലാകാരൻമാരിൽ കുറവാണെന്നും അതുകൊണ്ട് കൂടിയാണ് ഇന്നസെൻ്റിൻ്റെ വിയോഗം അക്ഷരാർത്ഥത്തിൽ തീരാനഷ്ടമാകുന്നതെന്നും ഷെവ. സി. ഇ. ചക്കുണ്ണി പറഞ്ഞു.
പൊതുപ്രവർത്തനത്തിനിടയിലും സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്ന ചാക്കുണ്ണിയ്ക്ക് ഇന്നസെൻ്റിനൊപ്പമുള്ള അഭിനയ ദിനങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച വൈകാരിക ഓർമയാണ്. വി.എം.വിനു സംവിധാനം ചെയ്ത വേഷമെന്ന സിനിമയിലാണ് ചാക്കുണ്ണി ഇന്നസെൻ്റിനൊപ്പം കാമറയ്ക്ക് മുന്നിലെത്തിയത്. ആ സിനിമയിൽ ഏതാനും സീനുകളിൽ മാത്രമാണ് ചാക്കുണ്ണി അഭിനയിച്ചതെങ്കിലും ഇന്നസെൻ്റുമായുള്ള സൗഹൃദം സിനിമയ്ക്ക് പുറത്തേക്കും വളർന്നു. പൊതുപ്രവർത്തന മേഖലയിൽ കഴിവ് തെളിയിച്ച് പാർലമെൻ്റംഗമായപ്പോഴും കറ പുരളാത്ത ജീവിതത്തിനുടമയായി ഇന്നസെൻ്റ് നിലകൊണ്ടു.
പ്രധാന ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം നന്നായി കൈകാര്യം ചെയ്യുന്ന ഇന്നസെൻ്റ്, മണ്ഡലവികസനത്തിനാവശ്യമായ പദ്ധതികൾ ഡൽഹിയിലെ രാഷ്ട്രീയ ഇടനാഴികളിൽ നിന്ന് എളുപ്പം നേടിയെടുത്തെന്നും ചാക്കുണ്ണി ഓർമിച്ചു.2019 മെയ് 29, 30 തീയതികളിൽ ദുബായിൽ എം.വി.ആർ. ക്യാൻസർ സെന്റർ ക്ലിനിക് ഉദ്ഘാടന ചടങ്ങിന് ഇന്നസെൻ്റുമൊത്ത് വേദി പങ്കിട്ടത് മറക്കാനാവാത്ത അനുഭവമാണ്. സദസിൽ ചിരിയല തീർത്തതിനൊപ്പം ചിന്തയുടെ പുതുനാമ്പുകളും വിതച്ചായിരുന്നു പ്രൗഢഗംഭീരമായ സദസ്സിൽ ഇന്നസെൻ്റിൻ്റെ പ്രസംഗം. പിന്നീടെത്രയോ വേദികളിലും പരിപാടികളിലും കണ്ടുമുട്ടി സൗഹൃദം പങ്കുവെച്ചു.
മുണ്ടിക്കൽ താഴത്ത് ഒരു ഉൽപ്പന്നത്തിന്റെ ലോഞ്ചിംഗ് വേദിയിലായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. ഒരു എക്കോ ഫ്രണ്ട്ലി ജ്യൂട്ട് ബാഗായിരുന്നു അന്ന് ഞാൻ വേദിയിൽ വെച്ച് സമ്മാനിച്ചത്. അദേഹമത് സന്തോഷത്തോടെ സ്വീകരിച്ചു. തുടർന്ന് മൈക്കിന് മുന്നിലെത്തി നന്ദിയറിയിച്ച ഇന്നസെൻ്റ് ബാഗ് തുറന്ന് കാണിച്ച്, കുസൃതി ചിരിയോടെ, ബാഗ് കാലിയാണെന്ന് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞത് സദസിൽ പൊട്ടിച്ചിരി പടർത്തി.
പകരം വയ്ക്കാനില്ലാത്ത അഭിനയ ജീവിതത്താലും കളങ്കമേശാത്ത വ്യക്തി ജീവിതത്താലും ഏവർക്കും ഉദാത്ത മാതൃകയാണ് നന്മയുടെ ആൾരൂപമായ ഇന്നസെൻ്റ്. തൻ്റെ കാലഘട്ടത്തിന് മാത്രമല്ല വരും തലമുറയ്ക്കടക്കം ചിന്തിക്കാനും മനസറിഞ്ഞ് ചിരിക്കാനുള്ള വക നൽകിയാണ് ഇന്നസെൻ്റ് വിടവാങ്ങിയതെന്നും ചാക്കുണ്ണി അനുസ്മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us