മുളന്തുരുത്തി സ്കൂളങ്കണത്തിൽ വൈലോപ്പിള്ളി മാഷിന്റെ കാവ്യശില്പമായി അമ്മയും കുഞ്ഞും

author-image
ജൂലി
Updated On
New Update

publive-image

മുളന്തുരുത്തി: "അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീർ" മലയാളത്തിൽ 'മാമ്പഴം' എന്ന കാവ്യരചനയ്ക്കായി, അദ്ധ്യാപകനായിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന് ആശയം മനസ്സിലുദിച്ചയിടമാണ് എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്കൂൾ. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളെയും ജീവിതാനുഭവങ്ങളെയും അഗാധമായ ഉൾക്കാഴ്ചയോടെ സമീപിച്ച വൈലോപ്പിള്ളി മാഷിന്റെ ഓർമ്മകളുമായി ഒരു നാട്ടുമാവ് ഇന്നും സ്കൂൾ അങ്കണത്തിൽ നിഴൽവീഴ്ത്തി നിൽക്കുന്നുണ്ട്.

Advertisment

അമ്മയും കുഞ്ഞും കാവ്യബിംബങ്ങളായ 'മാമ്പഴത്തെ' അനുവാചകർ നെഞ്ചുവിങ്ങുന്ന അനുഭവമായാണ് വായിച്ചെടുത്തത്. വൈലോപ്പിള്ളിയുടെ കവിതയ്ക്ക് ആശയബീജങ്ങളായിത്തീർന്ന, അമ്മയേയും കുഞ്ഞിനേയും ശില്പരൂപത്തിൽ സ്ഥാപിച്ചിരിക്കുകയാണ് മുളന്തുരുത്തി ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ ഇപ്പോൾ. എറണാകുളം ജില്ലാപഞ്ചായത്താണ് വൈലോപ്പിള്ളിയുടെ ഓർമ്മയ്ക്കായി ശില്പം ഇവിടെ സ്ഥാപിയ്ക്കാൻ മുൻകൈയെടുത്തത്.

publive-image

1936-ൽ ഇരുപത്തഞ്ച് വയസ്സുള്ള ശ്രീധരമേനോൻ മുളന്തുരുത്തി സ്കൂളിൽ ബയോളജി അദ്ധ്യാപകനായിരിയ്ക്കെയാണ് മാമ്പഴത്തിന്റെ ജനനം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വാർഷികപ്പതിപ്പിനായി ഒരു കവിത വേണമെന്ന് പത്രാധിപർ ആവശ്യപ്പെട്ടു. ആ ചിന്തകളുമായി സ്കൂൾ വരാന്തയിൽ ഉലാത്തുമ്പോൾ, മുറ്റത്തെ മാവ് കണ്ണിലുടക്കി. വൈലോപ്പിള്ളിയെക്കൊണ്ട് 'മാമ്പഴം' എഴുതിച്ചത് ആ മാവാണത്രെ. കവിയുടെ മനസ്സിൽ നൊമ്പരമായി തന്റെ അകാലത്തിൽ മരിച്ചു പോയ കുഞ്ഞനുജന്റെ ചിത്രം തെളിഞ്ഞു. ഒരിക്കല്‍ തന്റെ വീട്ടുമുറ്റത്തെ മാവിന്റെ പൂങ്കുല ഒടിച്ചെടുത്ത അനുജനെ അമ്മ തല്ലിയതും മാവില്‍ മാമ്പഴമുണ്ടായപ്പോള്‍ അത്‌ തിന്നാന്‍ അവനില്ലല്ലോ എന്നോര്‍ത്ത്‌ അമ്മ ദുഃഖിച്ചതുമെല്ലാം കവിയുടെ മനസ്സിലൂടെ കടന്നുപോയതോടെ ഒരു മഹാകാവ്യം മുളന്തുരുത്തിയിൽ പിറവിയെടുക്കുകയായിരുന്നുവെന്നത് ചരിത്രം.

Advertisment