/sathyam/media/post_attachments/qNvrg4M9rDVMW2ZCsJlA.jpg)
പൊന്നാനി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതി നിർണായകമായിരിക്കും അടുത്ത പൊതു തിരഞ്ഞെടുപ്പെന്നും അതിനാൽ സംശയങ്ങളുടെ നിഴലിൽ നിൽക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കണമെന്നും പൊന്നാനിയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ സമന്വയം ആവശ്യപ്പെട്ടു.
രാഷ്ട്രത്തിന്റെ ഭാവി സംബന്ധിച്ച ഹിതപരിശോധനയായിരിക്കും 2024 ലെ തിരഞ്ഞെടുപ്പ്. ഇതെല്ലാം കണക്കിലെടുത്ത് സംശയകരമായി എന്തെങ്കിലും ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങളിൽ നിന്ന് തീർത്തും മുക്തമായിരിക്കണം വരുന്ന തിരഞ്ഞെടുപ്പെന്നതിനാലാണ് ഇക്കാര്യം തങ്ങൾ ഉന്നയിക്കുന്നതെന്ന് സമന്വയം പ്രവർത്തകർ വിശദീകരിച്ചു.
ഇലക്ട്രോണിക് ഹാക്കിംങ് തുടങ്ങി ഒട്ടേറെ കൃത്രിമങ്ങൾക്ക് സാധ്യതയുള്ള ഇലക്ട്രോണിക് വോട്ടിംഗ് രീതി പരിഷ്കൃത രാജ്യങ്ങളോ വികസനത്തിൽ മുൻ നിരയിൽ നിൽക്കുന്ന രാജ്യങ്ങളോ പിന്തുടരുന്നില്ല. ഇസ്രായേൽ ചാര സംവിധാനമായ പെഗാസിസ് ഉപയോഗിച്ച് നമ്മുടെ ഇമെയിൽ പോലും നിഗൂഢ കക്ഷികൾക്ക് വേണ്ടത് എഴുതി ചേർക്കാൻ കഴിയുമെന്ന് വെളിപ്പെട്ടതും ഇസ്രായേൽ തന്നെ ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ അനഭിലഷണീയമായ രീതിയിൽ താല്പര്യം കാണിക്കുന്നു എന്നതും ഇയ്യിടെ ചർച്ചയായതാണ്.
അതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പിന്റെ നിർണായക സ്വഭാവവും ചേർത്ത് വായിക്കേണ്ടതാണ്. ഇതിനാലെല്ലാമാണ് സുതാര്യമായ ബാലറ്റ് പേപ്പർ രീതിയെ പുനസ്ഥാപിക്കണമെന്ന് രാജ്യതാല്പര്യം മുൻ നിർത്തി തങ്ങൾ ആവശ്യപ്പെടുന്നതെന്നും സമന്വയം നേതാക്കളായ ചെയർമാൻ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹ്മാൻ മൗലവി, സി വി അബ്ദുല്ല ക്കുട്ടി, അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, കെ പി മൂസ എന്നിവർ വ്യക്തമാക്കി.
അബ്ദുറഹ്മാൻ ഫാറൂഖി സ്വാഗതവും അബൂസാലിഹ് നന്ദിയും പറഞ്ഞു.