ശങ്കരൻകുട്ടന്റെ ചേരാനല്ലൂർ വടക്കിനിമാരാത്ത് സന്തോഷമേളം

author-image
ജൂലി
New Update

publive-image

പെരുമ്പാവൂർ: ലോകത്തെ ഏറ്റവും വലിയ വാദ്യ വിസ്മയമേളങ്ങൾ അലയടിക്കുന്ന തൃശ്ശൂർ പൂരത്തിനായി നാടും നഗരവും കാത്തിരിയ്ക്കുമ്പോൾ
സന്തോഷത്തിന്റെ ആഘോഷമാണ് പെരുമ്പാവൂർ ചേരാനല്ലൂരിലെയും ആലുവ മഞ്ഞപ്പെട്ടിയിലെയും വടക്കിനി മാരാർ ഗൃഹങ്ങളിൽ കാണാനാകുന്നത്. പെരിയാർ തീരത്തെ ചേരാനല്ലൂർ ശിവക്ഷേത്രപരിസരങ്ങളിൽ നിന്നും കൊട്ടിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് കേരളത്തിലെ അറിയപ്പെടുന്ന മേളക്കാരനായി മാറിയ ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർക്ക് തന്റെ എഴുപത്തിരണ്ടാം വയസ്സിൽ ഭാഗ്യമായി കൈവന്നതാണ്, തൃശ്ശൂർപൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി പദം. വെള്ളിയാഴ്ച ഈ വാർത്ത അറിഞ്ഞതോടെ ചേരാനല്ലൂർ ശിവക്ഷേത്രത്തിലെ മേളാസ്വാദകർ ആഘോഷത്തിമിർപ്പിലാണ്. കഴിഞ്ഞവർഷം വരെ കിഴക്കൂട്ട് അനിയൻ മാരാരുടെ സഹകാരിയായി പൂരത്തിന് തിരുവമ്പാടിക്കാർക്കുവേണ്ടി കൊട്ടിയിരുന്നു ശങ്കരൻകുട്ടൻ. എന്നാൽ പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിസ്ഥാനത്തു നിന്നും ഒരു വ്യാഴവട്ടത്തിനു ശേഷം പെരുവനം കുട്ടൻമാരാർ മാറ്റപ്പെട്ടതോടെ, കിഴക്കൂട്ടിന് ഇലഞ്ഞിത്തറയിലെ സ്ഥാനം ലഭിച്ചു.

Advertisment

publive-image

തിരുവമ്പാടിയുടെ മേളത്തലപ്പത്തേയ്ക്ക് ഒഴിവു വന്നപ്പോൾ ഭാഗ്യം ശങ്കരൻകുട്ടനു തുണയായി. ചേരാനല്ലൂർ വടക്കിനി മാരാത്തെ സരസ്വതി അമ്മയുടെയും ഊരമന ഓലിയ്ക്കൽ മാരാത്തെ പരമേശ്വരക്കുറുപ്പിന്റെയും മകൻ നാലു വയസ്സുമുതൽ ചെണ്ടക്കോൽ കൈയിലെടുത്തതാണ്. എട്ടാം വയസ്സിൽ തായമ്പക അരങ്ങേറി. പതിമൂന്നിൽ മേളവും. ചേരാനല്ലൂർ കുട്ടപ്പമാരാരുടെ അനുഗ്രഹത്തോടെയാണ് പഠനം തുടങ്ങിയത്. മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെ യും എല്ലാ മേജർ ക്ഷേത്രങ്ങളിലും പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച വർഷങ്ങളാണ് കടന്നുപോയത്.

publive-image

തെക്കും വടക്കും ഉള്ള പ്രഗത്ഭരായ എല്ലാ മേളക്കാർക്കൊപ്പവും കൊട്ടിപ്പരിശീലിച്ചു തെളിഞ്ഞു വന്നതാണ് ശങ്കരൻകുട്ടന്റെ മേളം. തൃശ്ശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ചാലക്കുടിപ്പുഴയ്ക്ക് തെക്കുഭാഗത്തു നിന്നും ഒരാൾ മേളപ്രമാണി പദത്തിലേയ്ക്ക് പരിഗണിക്കപ്പെടുന്നത് എന്നതിൽ മധ്യകേരളത്തിലെ മേളാസ്വാദകർക്കാണ് ഏറെ സന്തോഷവും അഭിമാനവും.
പാറമേക്കാവ് ഇലഞ്ഞിത്തറമേളത്തിൽ മുൻവർഷങ്ങളിൽ പെരുവനത്തോടൊപ്പം കൊട്ടിത്തുടങ്ങിയതോടെയാണ് ശങ്കരൻകുട്ടൻ കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. അങ്ങനെ വാദ്യകുലപതി പട്ടവും വീരശൃംഘലകളും നിരവധി അംഗീകാരങ്ങളും സ്വന്തമായി.

publive-image

മേളാസ്വാദകരെ കയ്യിലെടുക്കുന്ന ആംഗിക, ശിരോചലനങ്ങളിലൂടെ താളവട്ടങ്ങൾ പൂർത്തിയാക്കി കൊട്ടിക്കയറുന്ന ശങ്കരമാരാർ ശൈലി
ആസ്വാദകർക്കേറെയിഷ്ടമാണ്. എറണാകുളം ജില്ലയിൽ നൂറു കണക്കിന് ശിഷ്യസമ്പത്ത് മാരാർക്കുണ്ട്. 2019-ൽ തോട്ടുവാ ശ്രീധന്വന്തരിഗ്രാമത്തിൽ വച്ച് ചലച്ചിത്രനടൻ ജയറാം ഇദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ആലുവ മഞ്ഞപ്പെട്ടിയിലാണ് മാരാർ ഇപ്പോൾ താമസം. ഭാര്യ പരേതയായ ശാന്തകുമാരി. മേളകലയിൽ അച്ഛനോടൊപ്പം സജീവമായി മകൻ ഉണ്ണികൃഷ്ണമാരാരും ഉണ്ട്. രേണുകയാണ് മകൾ.

Advertisment