ഓട്ടോറിക്ഷകളിൽ വിദേശസംഘത്തിന്റെ മലബാർ റാംപേജ് ; ഭാരതപര്യടനവേളയിൽ വിദേശ വിനോദസഞ്ചാരികൾ അനന്തപുരിയിലുമെത്തി.

author-image
ജൂലി
New Update

publive-image

തിരുവനന്തപുരം: ചെന്നൈയിൽ നിന്നും നിരനിരയായി പതിനൊന്ന് ഓട്ടോറിക്ഷകൾ അനന്തപുരിയിലേയ്ക്കെത്തുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള മഞ്ഞമുച്ചക്രവാഹനങ്ങൾക്കെല്ലാം ബ്രാൻഡഡ് ട്രെൻഡി ഡിസൈൻ. യാത്രക്കാരെല്ലാം വിദേശിയർ. പലപ്രായത്തിലുള്ളവർ. വേഷവിധാനം കാണുമ്പോൾ തന്നെ എല്ലാവരും ഒരു ത്രില്ലിംഗ് മൂഡിൽ ആണെന്നു മനസ്സിലാക്കാം. ഭാരതപര്യടനത്തിനായി വിവിധരാജ്യങ്ങളിൽ നിന്നും ഇറങ്ങിത്തിരിച്ചവരാണിവർ. ഭാരതത്തിലെ വൈവിധ്യമാർന്ന ഭാഷ, കല, സംസ്കാരം, ഭക്ഷണം ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞുകൊണ്ടുള്ള യാത്രയ്ക്കായിട്ടാണ് അവരുടെ കടലുകൾ താണ്ടിയുള്ള വരവ്. ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള 22 പേർ.

Advertisment

publive-image

ചെന്നൈയിൽ നിന്നായിരുന്നു തുടക്കം. തിരുവനന്തപുരത്ത് വന്നു. ഗോവയിലേയ്ക്കുള്ള യാത്ര ചൊവ്വാഴ്ച തന്നെ തുടങ്ങി. ‘മലബാർ റാംപേജ്’ എന്ന പേരും നൽകിയുള്ള ഈ പ്രയാണത്തിന്റെ ലക്ഷ്യം ഭാരതത്തെ അടുത്തറിയുകയെന്നതുതന്നെ. ഓരോ ഓട്ടോയ്ക്കും അതിൽ യാത്ര ചെയ്യുന്നവർ സ്വന്തമായി ഒരു പേരും നൽകിയിട്ടുണ്ട്. യു.കെ.യിൽ നിന്നുള്ള സഞ്ചാരികളായ ജോർദാൻ അമേൻ പൂളും ബെക്കിയും സഞ്ചരിക്കുന്ന ഓട്ടോയുടെ പേര് ‘സ്വീറ്റ് കരോലിൻ’ എന്നാണ്. ബെക്കിയുടെ അമ്മയുടെ പേരാണ് കരോലിൻ. പതിനൊന്നാം നമ്പറുകാർ 'ഫിൽത്തി കാഷ്വൽസ്' ആണ്.

publive-image

ചെന്നൈയിലെ ‘റിക്ഷാ ചാലഞ്ച്’ എന്ന സംഘടനയാണ് ഇവർക്കു സഞ്ചരിക്കാനായി ഓട്ടോറിക്ഷകൾ വിട്ടു നൽകിയിരിക്കുന്നത്. ‘സുഖകരമായ യാത്ര, ഓരോ സ്ഥലങ്ങൾ സ്വസ്ഥമായി കാണാനും പാർക്കിംഗിനും വിശ്രമത്തിനുമെല്ലാം സൗകര്യം, ഇതിനെല്ലാം യോജ്യം ഓട്ടോറിക്ഷയാണെന്ന തോന്നലിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് സംഘാംഗം ജോർദാൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ കറക്കം കഴിഞ്ഞ് വീണ്ടും ഇവർ കേരളത്തിലെത്തും.കൊച്ചിയും തൃശ്ശൂരും കോഴിക്കോടും വിശദമായി കാണാനാണ് യാത്രാസംഘത്തിന്റെ പ്ലാൻ. വിവിധ രാജ്യങ്ങളിൽ നിന്നെത്തി തിരുവനന്തപുരത്ത് സംഗമിച്ച ശേഷമാണ് ഇവർ യാത്ര ക്രമീകരിച്ചത്. ഇന്ത്യൻ റോഡുകളിലെ വാഹന ത്തിരക്കിനെക്കുറിച്ച് ഇവരിൽ പലർക്കും ആശങ്കയുണ്ട്. അതുകൊണ്ട് യാത്ര വളരെ ശ്രദ്ധാപൂർവ്വം വേണം എന്നാണ് ബെക്കി മറ്റുള്ളവരോട് പറയുന്നത്. യാത്രാവേളകളിൽ ചിത്രങ്ങളും കുറിപ്പുകളുമൊക്കെ എടുത്ത് ഇന്ത്യയെക്കുറിച്ചൊരു പുസ്തകമെഴുതാനും വിഡിയോകൾ നിർമ്മിക്കാനും സഞ്ചാരികൾക്കു പദ്ധതിയുണ്ട്.

Advertisment