ചേലുള്ള ചൂലുകൾ വാങ്ങാൻ കണ്ടത്തിമാവ് ചൂൽസിറ്റി

author-image
ജൂലി
New Update

publive-image

പാലാ: വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തവരാണ് ബഹുഭൂരിപക്ഷം മലയാളികളും. വ്യക്തി ശുചിത്വം പോലെ തന്നെ സ്വന്തം വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി സൂക്ഷിക്കുന്നതിലും മലയാളികൾക്ക് നൂറിൽ നൂറാണ് മാർക്ക്. പണ്ടുകാലം മുതലെ മുറ്റമടിയ്ക്കാനും മുറികൾക്കകം വൃത്തിയാക്കാനും ഈർക്കിൽ ചൂൽ ഉപയോഗിച്ചു ശീലിച്ച മലയാളി, കാലത്തിനനുസരിച്ച് പുൽച്ചൂലിലേയ്ക്കും പ്ലാസ്റ്റിക് ചൂലുകളിലേയ്ക്കുമൊക്കെ മാറി ചിന്തിച്ചു. സിന്തറ്റിക് ഫൈബർ നാരുകൾകൊണ്ടുള്ള സ്റ്റൈലൻ ചൂലുകളുടെ കടന്നുവരവോടെ, വഴിയോരങ്ങളിൽ തമ്പടിച്ചു പരമ്പരാഗത പുൽച്ചൂലുകൾ നിർമ്മിച്ചു വില്ക്കുന്ന അസംഘടിതരായ മറുനാടൻ തൊഴിലാളികളുടെ ജീവിതമാണ് വഴിമുട്ടിയത്.

Advertisment

വൈവിധ്യമാർന്ന ചൂലുകളുടെ വില്പനയിലൂടെ പ്രശസ്തമായ ഒരു ഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത നീലൂർ, കണ്ടത്തിമാവ് ഇന്നറിയപ്പെടുന്നത് 'ചൂൽ സിറ്റി' എന്ന അപരനാമത്തിലാണ്. മീനച്ചിൽ താലൂക്കിലെ കടനാട് പഞ്ചായത്തിലെ നീലൂർ-മുട്ടം റൂട്ടിലെ കണ്ടത്തിമാവ് കവലയാണ് ചൂൽവില്പനശാലകളുടെ എണ്ണം കൊണ്ട് പ്രശസ്തമായിത്തീർന്നത്. കൊവിഡ് കാലത്തിനുശേഷമാണ് 'ചൂൽ സിറ്റി' രൂപം കൊള്ളുന്നത്. പലവിധ കച്ചവടങ്ങളിൽ സജീവമായിരുന്ന ഇവിടത്തെ കച്ചവടക്കാർ കൊവിഡാനന്തര അതിജീവനത്തിനായി ചിന്തിച്ചപ്പോൾ കിട്ടിയ ആശയമാണ് ചൂൽക്കച്ചവടം. ഇന്ന് ലോകത്തിലെ ഏതുതരം ചൂലുകളും കിട്ടുന്ന ഒരേയൊരിടമാണ് കണ്ടത്തിമാവ്.

ദിവസവും 10000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്നാണ് ഒരു കടയുടമ പറഞ്ഞത്. വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ചൂലുകളുടെ വിപണികളാണ് ചൂൽസിറ്റിയ്ക്കിരുവശവും. കേട്ടറിഞ്ഞ് അകലങ്ങളിൽ നിന്നു പോലും ചൂൽ വാങ്ങാൻ ആളുകൾ ഇവിടേയ്ക്കെത്തുന്നു. വീടിന് അകത്തും പുറത്തും പായലും മണ്ണുമൊക്കെ തൂക്കാൻ പററുന്ന പലതരത്തിലുള്ള വെറൈറ്റി ചൂലുകളുടെ സെലക്ഷൻ സെന്ററുകളാണ് ഓരോ കടയും. തുടക്കത്തിൽ കുടിലുമറ്റത്തിൽ തങ്കച്ചന്റെയും മുണ്ടാട്ട് ജിസ്മോന്റെയും ആശയത്തിൽ നിന്നും രൂപപ്പെട്ടതാണ് വ്യത്യസ്തമായ ചൂൽ കച്ചവടം. ഇവരുടെ ബിസിനസ്സ് തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നതാണെന്നറിഞ്ഞതോടെ മറ്റുള്ളവരും ഈ ബിസിനസ്സിലേയ്ക്കിറങ്ങി.

publive-image

ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ സാധാരണ ചൂലുകളായിരുന്നു കടയ്ക്കു മുന്നിൽ നിരത്തി വച്ചിരുന്നത്. ആളുകൾ ധാരാളമായി ചൂൽ അന്വേഷിച്ചെത്തിത്തുടങ്ങിയതോടെ പുതിയ 25 ഇനം വെറൈറ്റി ചൂലുകൾ വിപണികളിൽ എത്തി. ഈർക്കിൽ ചൂൽ, പുൽച്ചൂൽ, മുളച്ചൂൽ, പനച്ചൂൽ, കമ്പിച്ചൂൽ, താഴയോലച്ചൂൽ, ഓലച്ചൂൽ അങ്ങനെ പോകുന്നു സിറ്റിയിലെ വെറൈറ്റി ചൂലുകളുടെ നിര.60 മുതൽ 125 രൂപയാണ് വില. ഒരിക്കൽ ഇതുവഴി കടന്നുപോകുന്നവർക്ക് ചൂൽവില്പന ഒരു കൗതുകക്കാഴ്ചയാണ്. മത്സരക്കച്ചവടം ആണെങ്കിലും താരതമ്യേന വിലക്കുറവോടെയാണ് ഇവിടെ കച്ചവടം നടക്കുന്നത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, കോട്ടയം, എറണാകുളം മേഖലയിലുള്ളവരാണ് കൂടുതലായും ചൂലന്വേഷിച്ചെത്താറ്. മറ്റിടങ്ങളിലെ ചില്ലറക്കച്ചവടക്കാരും ഈ ചൂൽവിപണിയിലേയ്ക്കാണെത്തുന്നത്.

സ്വദേശികളോടൊപ്പംവിദേശി ഉത്പന്നങ്ങളും ചൂൽ സിറ്റിയെ വൈവിധ്യവത്കരിയ്ക്കുന്നു. ഇന്തോനേഷ്യയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമാണ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിയ്ക്കുന്നത്. ഈ ഉത്പന്നങ്ങൾക്ക് ഉറപ്പു കൂടുതലാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഉപയോഗിച്ചു പഴകിയാലും നാരുകൾ പൊടിഞ്ഞു പോകില്ല. പരമ്പരാഗത നാടൻ ചൂലുകളേക്കാൾ കാലപ്പഴക്കം കിട്ടുന്നവയാണ് വിദേശങ്ങളിൽ നിന്നും എത്തുന്നവ. വിദേശങ്ങളിൽ നിന്നുള്ള തെങ്ങ്, പന എന്നിവയുടെ ഈർക്കിൽ ചൂലുകളും ഇവരുടെ പക്കലുണ്ട്. നാടൻ ചൂൽ നിർമ്മിക്കാനുള്ള ഈർക്കിൽ ആലപ്പുഴയിൽ നിന്നും ശേഖരിക്കുന്നു. ഇവയുടെ നിർമ്മാണം മൂവാറ്റുപുഴയിലാണ് നടക്കുന്നത്.

ഓണം, വിഷു, ദീപാവലി തുടങ്ങിയ ആഘോഷവേളകളോടനുബന്ധിച്ച് വീടുകളിൽ പുതിയ ചൂലുകൾ വാങ്ങിവയ്ക്കുന്നത് ശുഭകരമാണെന്ന വിശ്വാസം ഹിന്ദുക്കൾക്കിടയിൽ ഉണ്ട്. ചൂലിന്റെ ശരിയായ ഉപയോഗത്തിലൂടെ പല വാസ്തുവൈകല്ല്യങ്ങളും മാറുമത്രെ. വീടിനു പുറത്ത് ദിവസവും രാത്രിയിൽ വാതിലിനു മുന്നിൽ ചൂൽ വച്ചാൽ, നെഗറ്റീവ് എനർജി വീട്ടിൽ പ്രവേശിക്കില്ലെന്നു വിശ്വാസമുള്ളവരും ഉണ്ട്. ചൂലിനുള്ളിൽ ലക്ഷ്മീദേവി കുടികൊള്ളുന്നുവത്രെ. ദേവിയുടെ അനുഗ്രഹത്തിനായി വീടിനു പുറകിൽ ചെറിയ ചൂൽ കെട്ടിത്തൂക്കിയിടുന്ന വിശ്വാസികളും നമുക്കിടയിലുണ്ട്. ചൂൽ ആവശ്യക്കാരുടെ വിശ്വാസം എന്തുതന്നെയായാലും ചൂൽ സിറ്റിയിൽ വിഷുവില്പന പൊടിപൊടിയ്ക്കുകയാണ്.

Advertisment