വിഷുനാളില്‍ ബെവ്‌കോ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി

New Update

publive-image

പാലക്കാട്: ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ തൊഴിലാളികള്‍ വിഷുനാളില്‍ പട്ടിണി സമരം നടത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 മുതല്‍ ലഭിച്ച ശമ്പള പരിഷ്‌കരണം ബീവറേജസ് കോര്‍പ്പറേഷനില്‍ നടപ്പാക്കുന്നത് എക്‌സൈസ് മന്ത്രി അംഗീകരിച്ചു കഴിഞ്ഞിട്ടും ഇതുവരെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പട്ടിണി സമരം. കേരളത്തിലെ മുഴുവന്‍ ഷോപ്പുകളിലും കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാര്‍ പട്ടിണി സമരം നടത്തിയത്.

Advertisment

ഐഎന്‍ടിയുസി നിരന്തരമായി നടത്തിയ സമരത്തിന്റെ ഭാഗമായി മുന്‍ എക്‌സൈസ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ശമ്പള പരിഷ്‌ക്കരണം വേഗം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പാക്കിയില്ല. പിന്നീട് അദ്ദേഹത്തിന്റെ രാജിക്ക് ശേഷം എം.ബി.രാജേഷ് മന്ത്രിയായപ്പോള്‍ സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ സമരം നടത്തുകയും മന്ത്രിയുടെ വസതിയിലേക്ക് ഐഎന്‍ടിയുസി നടത്തിയ സമരത്തിന് ശേഷമാണ് ഫെബ്രുവരി ആദ്യ വാരത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനത്തിന് ഉത്തരവിട്ടത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നടപ്പിലാക്കാന്‍ തയ്യാറാകാത്തത് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ തൊഴിലാളികളിലും നിരാശയും ദുഖവും പ്രതിഷേഷവും ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ വളരെ സവിശേഷമായ ഒരു കാര്യം കെഎസ്ബിസിക്ക് സ്വന്തമായ ഫണ്ട് ഉള്ള സാഹചര്യത്തിലാണ് അധിക സാമ്പത്തിക ബാധ്യതയില്ലാത്ത ഈ മെല്ലെപ്പോക്ക് തുടരുന്നത് എന്നതാണ്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പിരിഞ്ഞു പോകുന്ന മാസമാണ്. അതുകൊണ്ട് ഒച്ചിന്റെ വേഗതയിലുള്ള ഈ മെല്ലെപ്പോക്കും ചുവപ്പ് നാടയില്‍ കുരുങ്ങിയുള്ള ഈ കീറാമുട്ടിയും ഒട്ടേറെ തൊഴിലാളികളുടെ ഭാവിയെയാണ് ഇരുട്ടിലാഴ്ത്തുന്നത്. ഒരു വിഷു കൈനീട്ടമായി വിഷുവിന് ലീവ് പ്രതീക്ഷിച്ച തൊഴിലാളികള്‍ക്ക് ലീവ് ലഭിക്കാതിരിക്കുകയും ഒടുവില്‍ 'റിക്കാഡ് കളക്ഷനുകള്‍' ലഭിക്കുന്ന വിഷു ദിവസം പട്ടിണി കിടക്കേണ്ട അവസ്ഥ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സായ ബെവ്‌കോയ്ക്ക് വലിയ അപമാനവും വിരോധാഭാസവുമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു.

പട്ടിണി സമരത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ജേക്കബ്, സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി.പി. സന്തോഷ് കുമാര്‍.ആര്‍, സജീവന്‍ മലമ്പുഴ, എ.പി. ജോണ്‍, സംസ്ഥാന ട്രഷറര്‍ കെ. പ്രഹ്ലാദന്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് തൃപ്പാളൂര്‍ ശശ,ി സംസ്ഥാന സെക്രട്ടറിമാരായ എസ്. ഹക്കീം, സൂര്യപ്രകാശന്‍, മോഹന്‍ കൊടുമ്പ്, രാമചന്ദ്രന്‍ കുഴല്‍മന്ദം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment