ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഏറെ ആഘോഷത്തോടെയും പ്രാർഥനകളോടെയും കൊണ്ടാടുന്ന പെരുന്നാളാണ് ഈദ് ഉൽ ഫിത്തർ. ശവ്വാൽ മാസത്തിന് ആരംഭം കുറിക്കുന്ന പെരുന്നാൾ കൂടിയാണിത്. റമസാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദ് ഉൽ ഫിത്തർ. ഒരു മാസത്തെ നോമ്പിലൂടെയും വ്രതാനുഷ്ഠാനങ്ങളിലൂടെയും ആരോഗ്യവും പ്രതിരോധശേഷിയും വാഗ്ദാനം ചെയ്തതിന് അല്ലാഹുവിന് നന്ദി പറയുന്ന ദിവസമാണ് ഇത്.
ഈദ് ഉൽ ഫിത്തർ എന്നാൽ 'നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അർത്ഥം. ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് പെരുന്നാൾ ദിവസം തീരുമാനിക്കപ്പെടുന്നത്. ഇന്ത്യയിൽ ഈ വർഷത്തെ ഈദ് ഉൽ ഫിത്തർ മെയ് 3 ചൊവ്വാഴ്ചയാണ് ആഘോഷിക്കുന്നത്. പുതിയ വസ്ത്രങ്ങൾ ധരിച്ചും പലഹാരങ്ങൾ തയ്യാറാക്കിയും ദാനധർമ്മങ്ങൾ ചെയ്തും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിച്ചുമൊക്കെയാണ് വിശ്വാസികൾ ഈദ് ആഘോഷമാക്കുന്നത്.
വിശുദ്ധ റമസാൻ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിന്റെ ആദ്യ ദർശനം ലഭിച്ചത് എന്നാണ് വിശ്വാസം. റമസാനിലുടനീളം, രാവിലെ മുതൽ വൈകുന്നേരം വരെയുള്ള നോമ്പിന്റെ അവസാനത്തെയും ശവ്വാൽ മാസത്തിന്റെ തുടക്കത്തെയും ഈദുൽ ഫിത്തർ സൂചിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനങ്ങൾക്ക് ശക്തിയും ധൈര്യവും നൽകിയതിന് അല്ലാഹുവിന് വിശ്വാസികൾ നന്ദി അർപ്പിക്കുകയും ചെയ്യുന്നു.
സാധാരണ ഗതിയിൽ ഇസ്ലാം വിശ്വാസികൾ പരിശുദ്ധ സ്ഥലമായി കാണുന്ന കഅബ ഉൾപ്പെടുന്ന സൗദി അറേബ്യയിലാണ് ഏറ്റവും ആദ്യം പെരുന്നാൾ പ്രഖ്യാപിക്കാറുള്ളത്. വടക്കേ ഇന്ത്യയിൽ ഈദ് ഉൽ ഫിത്തറിനെ മീഠീ ഈദ് (മധുര പെരുന്നാൾ) എന്നും വിശേഷിപ്പിക്കാറുണ്ട്. ഇസ്ലാമിലെ അടിസ്ഥാന കർമ്മങ്ങളിലൊന്നായ സക്കാത്ത്, അഥവാ പാവങ്ങൾക്ക് പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ നൽകുക എന്ന പുണ്യ കർമ്മം ഈ വേളയിലാണ് ചെയ്യുന്നത്. പൊതുവെ ഫിഥ്റ് സക്കാത്ത് എന്ന പേരിൽ അറിയപ്പെടുന്ന പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം നൽകുന്ന രീതി പെരുന്നാൾ നമസ്കാരത്തിന്റെ മുൻപ് നിർവഹിക്കണം എന്നാണ് വിശ്വാസം.
നന്മ പ്രവൃത്തികൾ ചെയ്താൽ 10 മടങ്ങ് പ്രതിഫലം ലഭിക്കുമെന്നാണ് ഇസ്ലാം മത വിശ്വാസം. നല്ല ലക്ഷ്യത്തിനായി സ്വയം തയ്യാറാകുകയും സമർപ്പിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികൾക്കും ഐശ്വര്യവും ഐക്യവും സമാധാനവും പ്രദാനം ചെയ്യുന്നതാണ് റമദാനിലെ 30 ദിവസത്തെ വ്രതാനുഷ്ഠാനം എന്നും ഇസ്ലാം മതസ്ഥർ വിശ്വസിക്കുന്നു.