സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/post_attachments/rR7mVZiW1TePiLvDTA27.jpg)
മണ്ണാർക്കാട് : പ്രവാസങ്ങളിൽ അതിദയനീയമായ പ്രവാസം നേരിട്ടിരുന്ന രണ്ടു പതിറ്റാണ്ട് മുൻപെ,കേരളീയ മുസ്‌ലിം സമൂഹത്തിൽ വലിയൊരു സാമൂഹിക പ്രശ്‌നമായിരുന്നു മൈസൂർ കല്യാണങ്ങളും അതിലിരയാക്കപ്പെട്ടിരുന്ന ചെറു പെൺകുട്ടികളും.അവരിൽ പലരും പൊടുന്നനെ അപ്രത്യക്ഷമാകുകയും പിന്നീടൊരിക്കലും തിരിച്ചുവരാത്തത്ര അതിദാരുണവുമായിരുന്നു അത്തരം പ്രവാസങ്ങൾ.
Advertisment
കുഗ്രാമങ്ങളിൽ പുര നിറഞ്ഞുനിൽക്കുന്ന പെൺകുട്ടികൾ വീട്ടുകാർക്ക് ബാധ്യതയായപ്പോൾ തമിഴ്നാട്ടിൽ നിന്നും,മൈസൂരിൽ നിന്നും,ഭാരിച്ച സ്ത്രീധനമൊന്നും ചോദിക്കാതെ എത്തുന്ന കുടുംബങ്ങളിലേക്ക് കല്ല്യാണം കഴിപ്പിച്ചയയ്ക്കുകയായിരുന്നു, ഇത്തരം മറുനാടൻ കല്യാണങ്ങൾ.പക്ഷേ ഒരുപാട് സ്വപ്നങ്ങളുമായി അവിടെ എത്തപ്പെട്ട പെൺകുട്ടികളെ കാത്തിരുന്നത് ഇതിനേക്കാൾ വലിയ ദാരിദ്ര്യവും ശോചനീയ സാഹചര്യങ്ങളും ചേരികളുമായിരുന്നു.
വ്യാജ മേല്‍വിലാസവും മറ്റും നല്‍കി ബ്രോക്കർമാർ വഴിയെത്തുന്ന വരന്‍മാര്‍ പെണ്‍കുട്ടികളുടെ ജീവിതം ദുരിതത്തിലേക്ക് വലിച്ചെറിയുകയാണ് പതിവ്.അധികം കഴിയും മുൻപ് പലരും കൈക്കുഞ്ഞുങ്ങളുമായി ഉപേക്ഷിക്കപ്പെട്ടു.ബാധ്യതകൾ തീർത്തു എന്ന് വിശ്വസിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഇത് ഇരട്ടി ബാധ്യതയുമായി.
വിദ്യാഭ്യാസ നിലവാരവും സാമ്പത്തിക പുരോഗതിയും മെച്ചപ്പെട്ടപ്പോൾ ഈ രീതി തീർത്തും ഇല്ലാതായെങ്കിലും ഒരുകാലത്തെ മുസ്ലിം സാമൂഹിക ജീവിതത്തിലേക്ക് ദിശ കാണിക്കുകയാണ് മൈസൂർ കല്യാണം എന്ന ഈ പുസ്തകം.
കായിക താരമായിരുന്ന എഴുത്തുകാരൻ ഷാലി അബൂബക്കർ ആണ് ഗ്രന്ഥകാരൻ.
പതിനെട്ടോളം കഥകൾ വേറെയുമുണ്ട് ഈ പുസ്തകത്തിൽ.ഏപ്രിൽ 26 ബുധൻ വൈകുന്നേരം അഞ്ചുമണിക്ക് മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ നടക്കുന്ന പ്രകാശന സദസ്സ് കെടിഡിസി ചെയർമാൻ പി. കെ.ശശി ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും ഗ്രന്ഥകാരനുമായ കെ ഇ എൻ,എഴുത്തുകാരൻ വി ആർ സുധീഷ് എന്നിവർ പങ്കെടുക്കുന്ന സാംസ്കാരിക സായാഹ്നവും ഉണ്ടാകും.
എന്റെ മണ്ണാർക്കാട് എന്ന ജനകീയ കൂട്ടായ്മയാണ് സംഘാടകർ.മണ്ണാർക്കാട്ടെ എഴുത്തുകാരുടെ പുസ്തക പ്രദർശനം മറ്റു കലാപരിപാടികൾ എന്നിവയും ഈ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന ഷാലി അബൂബക്കർ മണ്ണാർക്കാടിന്റെ ഹൃദയതാളം സ്വന്തം നെഞ്ചിടിപ്പാക്കി മാറ്റിയ
നിസ്വാർത്ഥനായ പൊതുപ്രവർത്തകനാണ്. എഴുത്തിന്റെയും സാംസ്കാരിക പ്രവർത്തനത്തിന്റെയും ശോഭ വീണ്ടെടുക്കുകയാണ് ഇത്തരം സാംസ്കാരിക സായാഹ്നം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us