/sathyam/media/post_attachments/9zyGMIwJbvuPa9Pl50sq.jpg)
പൊന്നാനി: രണ്ട് കാലും ഒരു കയ്യും ജന്മനാ ഇല്ലാതെയും ഒരു കയ്യിലെ മൂന്ന് വിരലുകൾ ഒട്ടിപ്പിടിച്ച നിലയിലുമായി കഴിയുന്ന പൊന്നാനി സ്വദേശി അബൂബക്കര്‍ സിദ്ദീഖ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡും മറ്റ് പുരസ്കാരങ്ങളും നേടിയ പശ്ചാത്തലത്തിൽ അദ്ദേഹത്തെ എം ഇ എസ് പൊന്നാനി യൂണിറ്റ് ആദരിച്ചു. എം ഇ എസ് സംസ്ഥാന ട്രഷറര്‍ ഒ സി സലാഹുദ്ദീന്‍ പ്രത്യേക പരിപാടിയിൽ വെച്ച് അബൂബക്കർ സിദ്ധീഖിന് ആദരം സമ്മാനിച്ചു.
എല്‍ കെ ജി മുതല്‍ പി ജി വരെ പ്രത്യേക ട്യൂഷനില്ലാതെ സാധാരണ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മികച്ച പോസ്റ്റ് ഗ്രാജ്യുവേഷൻ വിജയവും നേടിയ അബൂബക്കർ സിദ്ധീഖ് അംഗപരിമിതരായവർക്ക് ആശയും ആവേശവും പകരുന്ന മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. 67 സെ മി ഉയരവും 25 കിലോ മാത്രം തൂക്കവുമുള്ള അബൂബക്കർ സിദ്ധീഖിന്റെ നിശ്ചയദാർഢ്യം ശാരീരിക സൗഖ്യം ഉള്ളവരെ പോലും പിന്നിലാക്കുന്നതാണ്.
സമൂഹത്തിലെ അംഗപരിമിതരെയും അശണരെയും അഗതികളെയും സഹായിക്കുന്നതിലും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും എം ഇ എസ് എക്കാലവും മുന്‍പന്തിയിലാണെന്ന് ആദരം കൈമാറിക്കൊണ്ട് സലാഹുദ്ധീൻ പറഞ്ഞു. കെയര്‍ അറ്റ് ഹോം, പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് കൊടുക്കല്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ എം ഇ എസ് സാമൂഹ്യ സേവനമാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിറ്റ് പ്രസിഡന്‍റ് ടി വി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്‍റ് കെ കെ മുഹമ്മദ് ഇക്ബാല്‍, സെക്രട്ടറി കെ ജാബിര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ ടി ടി ഇസ്മാഈല്‍, ജോ. സെക്രട്ടറി കെ നാസര്‍, യൂണിറ്റ് സെക്രട്ടറി ഒ സലാം, അബൂബക്കര്‍ സിദ്ദീഖിന്‍റെ പിതാവ് എം എ അക്ബര്‍ എന്നിവര്‍ സംസാരിച്ചു.