വന്ദേഭാരത് ട്രെയിൻ ; മലപ്പുറത്തോടുള്ള റെയിൽ‌വേ അവഗണന അവസാനിപ്പിക്കുക : വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം : സംസ്ഥാനത്തിന് അനുവദിച്ച ഏക വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനിരിക്കെ മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്ത നടപടി റെയിൽവേ തിരുത്തണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിലെ ഒരു സ്റ്റേഷനിലും നിർത്താതെ കടന്നുപോകുന്ന നിരവധി ട്രെയിനുകൾ ഉണ്ട്. ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന മാനദണ്ഡം പാലിച്ചാൽ ഷൊർണൂർ - മംഗലാപുരം പാതയിൽ സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകൾക്കും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്. എന്നാൽ, നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പുകൾ പോലും ഉപേക്ഷിക്കുന്ന സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്. കോവിഡിനു ശേഷം ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചപ്പോൾ ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ നിരവധി ട്രെയിനുകളുടെ സ്റ്റോപ്പുകൾ എടുത്തുകളഞ്ഞിരിക്കുന്നു. രാജ്യ തലസ്ഥാനത്തുനിന്ന് (ഡൽഹി നിസാമുദ്ദീൻ) പുറപ്പെടുന്ന കുറ്റിപ്പുറത്ത് സ്റ്റോപ്പ് ഉണ്ടായിരുന്ന ഏക ട്രെയിനിന്റെ സ്റ്റോപ്പും ഇതിലുൾപ്പെടുന്നു. സ്റ്റോപ്പുകൾ ഇല്ലാത്ത നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന മുറവിളിക്കിടയിലാണ് ഉള്ള സ്റ്റോപ്പുകൾ പോലും ഉപേക്ഷിക്കപ്പെട്ടത്.

ഗ്രാമീണ സ്റ്റേഷനും ജില്ലയിലെ റെയിൽവേ കവാടാവുമായിരുന്ന പേരശ്ശനൂരിൽ നിലവിൽ ഒരു ട്രെയിനും സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഈ സ്റ്റേഷൻ പൂർണ്ണമായും അനാഥമായിരിക്കുന്നു. റെയിൽവേ മലപ്പുറത്തോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ് ഇതിലൂടെ വെളിവാകുന്നത്.‌ ഇതിനിടയിലാണിപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രാലയം പുറത്തിറങ്ങിയ വന്ദേഭാരതിന്റെ റൂട്ട് ചാർട്ടിൽ നിന്ന് ജില്ലയെ പൂർണ്ണമായും ഒഴിവാക്കിയത്. ഈ നടപടി കേന്ദ്രം അടിയന്തിരമായി പുനപരിശോധിക്കേണ്ടതു‌ണ്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയോട് റെയിൽവേ അധികൃതർ തുടർന്നുപോരുന്ന നിരുത്തരവാദ സമീപനത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ടെന്നും പാർട്ടി അതിന് നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അറിയിച്ചു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, വഹാബ് വെട്ടം, നസീറ ബാനു, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഖാദർ അങ്ങാടിപ്പുറം, ഇബ്രാഹിം കുട്ടി മംഗലം, ജംഷീൽ അബൂബക്കർ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു.

Advertisment