പൊന്നാനി സ്വദേശി കബീർ മലബാറിലെ അലക്സ് ഹേലി ആയാൽ അത്ഭുതപ്പെടാനില്ല. അമേരിക്കൻ എഴുത്തുകാരനായ അലക്സ് ഹേലി 1976 ൽ എഴുതിയ "റൂട്ട്സ്" (അഥവാ, ഒരമേരിക്കൻ കുടുംബത്തിന്റെ നീണ്ടകഥ) എന്താണോ അമേരിക്കൻ സമൂഹത്തിൽ നിർവഹിച്ചത് സമാനമായതാണ് കബീർ പൊന്നാനിയുടെ "പടയാളികളുടെ പടയോട്ടം" എന്ന പുസ്തകത്തിന്റെ ദൗത്യവും എന്ന് വിലയിരുത്താം.
അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെയും അടിമകളുടെയും വേരുകളിലൂടെയുള്ള വിചിന്തനത്തിനാണ് "റൂട്ട്സ്" വഴിവെച്ചതെങ്കിൽ മലബാറിലെ സാമൂതിരിയുടെ പടയാളികളായിരുന്നവരുടെ പിൽക്കാല ജീവിതധാരയിലേക്ക് ഉശിരോടെ വെളിച്ചം വീശുന്നതാണ് വ്യാഴാഴ്ച്ച പ്രകാശനം ചെയ്യപ്പെടാനിരിക്കുന്ന "പടയാളികളുടെ പടയോട്ടം".
ഒരു ദേശത്തിന്റെയും ദേശക്കാരുടെയും കഥയാണ് "പടയാളികളുടെ പടയോട്ടം". സ്വയംകൃത ഔന്നിത്യം ആശാസ്യകരമല്ലാത്ത അളവിൽ ഗമയായി കൊണ്ടുനടക്കുന്നവർ അവഗണയുടെ ഇറുങ്ങിയ കണ്ണുകളോടെ നോക്കുന്ന ഒരു ജനവിഭാഗമാണ് പൊന്നാനിയിലെ അഴീക്കൽ പ്രദേശത്തുകാർ. ആരാണിവരെന്ന ചോദ്യത്തിന് ചരിത്ര പിന്ബലത്തോടെയുള്ള ഒരു മറുപടി ഇന്നും ഉണ്ടായിട്ടില്ല.
"പടയാളികളുടെ പടയോട്ടം" അക്കാര്യം യഥാർത്ഥമായി അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ്. താനുൾപ്പെട്ട ദേശക്കാരുടെ ഉജ്വലമായ പൈതൃകത്തുടിപ്പുകൾ ഇപ്പോഴെങ്കിലും വെളിച്ചം കണ്ടില്ലെങ്കിൽ അതേന്നേക്കുമായി വിസ്മൃതിലായിപ്പോകുമെന്ന തിരിച്ചറിവിൽ നിന്നുണ്ടായ ഗവേഷണവും രചനയും ആണീ ഗ്രന്ഥം.
പത്തേമാരിയിലൂടെയുള്ള വ്യാപാര വീര്യവും പടവെട്ടിയുള്ള പോരാട്ട ശൂര്യവും സമ്മേളിച്ചവരാണ് ചരിത്രപ്രധാന നഗരമായ പൊന്നാനിയുടെ ഐകോണിക് ജനവിഭാഗമായ അയ്യിക്കാർ (അഴീക്കൽ പ്രദേശത്തുകാർ), അവർ അടിസ്ഥാനപരമായി മീൻപിടുത്തക്കാർ ആയിരുന്നില്ല. കടൽ വ്യാപാരത്തിലൂടെയും പടയോട്ടത്തിലൂടെയും സ്വന്തം കരുത്തും നെഞ്ചൂക്കും തെളിയിച്ച അഴീക്കൽകാർ ഒന്നിലും ആരുടേയും പിന്നിലായിരുന്നില്ല. എന്നാൽ, കാലാന്തരത്തിൽ ഉപജീവനത്തിനായി മാത്രം മൽസ്യബന്ധനത്തിലേക്ക് തിരിയുകയായിരുന്നു അഴീക്കൽകാർ.
നാവിക പടയാളികളായിരുന്നു അഴീക്കൽ പ്രദേശത്തുകാർ എന്ന് ചരിത്രകാരൻ എം ജി എസ് നാരായണനും സാമൂതിരിയുടെ പടക്കപ്പലുകളിലെ മരക്കാർമാരുടെ പിന്മുറക്കാരാണ് ഇവർ എന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനും അഭിപ്രായപ്പെട്ടത് "പടയാളികളുടെ പടയോട്ടം" അടിവരയിടുന്നു. കൈക്കരുത്തിലും ഐശ്വര്യത്തിലും കഴിഞ്ഞിരുന്ന തങ്ങളുടെ പിതൃക്കളുടെ പൂർവകാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ ആർക്കെങ്കിലും ഇത് പ്രചോദനം ആയെങ്കിൽ അതാണ് താൻ കൊതിക്കുന്ന അംഗീകാരം എന്നാണ് രചയിതാവായ കബീർ പൊന്നാനി പറയുന്നത്.
"ലക്ഷ്യം തേടിയുള്ള ജീവിതയാത്രയിൽ ലക്ഷ്യത്തിലെത്താൻ വേണ്ടി നിരവധി മനുഷ്യ ജീവിതങ്ങൾ ആഴക്കടലിന്റെ ആഴങ്ങളിൽ ത്യജിക്കേണ്ടിവന്ന പൊന്നാനി അഴീക്കൽ സ്വദേശികളായ പത്തേമാരി ഗലാസികൾ കാറ്റും കോളും പേമാരിയും ഇടിമിന്നലും കടലിന്റെ താണ്ഡവവുമെല്ലാം അതിജയിച്ചാണ് ലക്ഷ്യം നേടിക്കൊണ്ടിരുന്നത്. എന്നാൽപോലും, മിച്ചം കിട്ടുന്ന തുച്ഛം കൊണ്ട് ആസന്നമാകുന്ന മൺസൂൺ കാലത്തെ തള്ളി നീക്കാൻ വേണ്ടി കിണ്ടി മുതൽ കോളാമ്പി വരെ വിൽക്കുകയും റേഷൻ കാർഡ് പോലുള്ളവ പണയപ്പെടുത്തുകയും ചെയ്തു.
എന്നിട്ടും, നിരന്തരം പട്ടിണിയുടെ നോവറിയാൻ വിധിക്കപ്പെട്ടിട്ടും ആത്മാഭിമാനം പണയപ്പെടുത്താതെ ജീവിതം മുന്നോട്ട് നയിച്ച പൊന്നാനി അഴിക്കൽ പ്രദേശത്തെ പത്തേമാരി ഗലാസികളുടെ ദുരിത ജീവിതവും ദുരന്ത മുഖങ്ങളുമാണ് അവരിലെ ഒരു പിന്മുറക്കാരൻ കൂടിയായ താൻ അടയാളപ്പെടുത്തുന്നത്": പുസ്തക രചയിതാവ് കബീർ പൊന്നാനി വാചാലനായി.
കോഴിക്കോട് ലിപി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന "പടയാളികളുടെ പടയോട്ടം" 168 താളുകളിലായി പത്ത് അദ്ധ്യായങ്ങൾ അടങ്ങുന്നതാണ്. വ്യാഴാഴ്ച പൊന്നാനി ഹാർബറിൽ വെച്ചാണ് പൊതുജന പങ്കാളിത്തത്തോടെയുള്ള പുസ്തക പ്രകാശനം.