/sathyam/media/post_attachments/kuDrC910xsqCK68Ti4iQ.jpg)
പൊന്നാനി: റംസാൻ വൃതമെന്നത് ഒരു മാസക്കാലത്തെ ആചരണത്തോടെ തീരുന്നതല്ലെന്നും വൃതമാസത്തിലൂടെ ലഭിച്ച സംസ്കരണം മറ്റു പതിനൊന്ന് മാസങ്ങളിൽ തെളിയണമെന്നും മുഹമ്മദ് ഖാസിം കോയ. "പരിശുദ്ധ റംസാനിലെ മുപ്പത് ദിവസങ്ങളിലെ പകലുകളിൽ നാം കഠിന വൃതത്തിലായിരുന്നു, രാത്രിയിൽ ദീർഘനേര പ്രാർത്ഥനകളിലും, സല്കര്മങ്ങളിൽ മത്സരിക്കുകയുമായിരുന്നു.
അതെല്ലാം സൃഷ്ട്ടാവായ അല്ലാഹുവിന് വേണ്ടിയായിരുന്നെങ്കിൽ പുണ്യമാസം പോയ്മറഞ്ഞാലും സുകൃത ശീലങ്ങൾ നിന്ന് പോകാൻ പാടില്ല, കാരണം സൃഷ്ട്ടാവും പരിപാലകനും എന്നെന്നും നമ്മെ നോക്കി കൊണ്ടിരിക്കുകയാണ്": മസ്ജിദുൽ മുസമ്മിൽ ഇജാബയിൽ തിങ്ങിനിറഞ്ഞ വിശ്വാസികളോടായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഖാസിം കോയ ഉപദേശിച്ചു,
ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ മുറുകെപ്പിടിക്കേണ്ടതും ഉയർത്തി കാണിക്കേണ്ടതുമായ സന്ദേശം മതസഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടേതാണെന്നും മുഹമ്മദ് ഖാസിം കോയ ഉൽബോധിപ്പിച്ചു . "നമ്മെ നശിപ്പിക്കാൻ വല്ലവരും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈ മഹാരാജ്യത്തിന്റ നന്നേ ചെറിയൊരു വിഭാഗം മാത്രമാണ്. അവരുടെ ദുഷ്‌ചെയ്തികൾ പുണ്യം നിറഞ്ഞ പെരുമാറ്റങ്ങളിലൂടെ സമൂഹത്തിൽ നിർവീര്യമാക്കണം.
ഈ നിലക്കുള്ള ഉപദേശങ്ങളും അതിനായുള്ള ജാഗ്രതയും എല്ലാവിഭാഗങ്ങളിലെയും പക്വമതികൾ അതാത് വിഭാഗങ്ങളിലുള്ളവരിൽ കാണിക്കുമെങ്കിൽ വെറുപ്പിന്റെ ശക്തികൾക്ക് നിരാശപ്പെടേണ്ടി വരും. നമ്മുടെ ഇന്ത്യ മഹാ രാജ്യത്തിന്റെ ഈ അടുത്ത കാലം വരെയുള്ള പൈതൃകം അതാണ്."
നോമ്പിലൂടെ പട്ടിണി അനുഭവിച്ച് മനസ്സിലാക്കിയ മുസ്ലിംകൾ പാവപ്പെട്ടവർക്ക് പ്രിയപ്പെട്ടവനായി തുടർന്നുള്ള കാലം ജീവിക്കണം. നോമ്പിലൂടെ വിദ്വേഷങ്ങളിൽ നിന്ന് വെറുപ്പിൽ നിന്നും വികൃത ചിന്താഗതികളിൽ നിന്നും സംസ്കരണം നേടിയ മുസ്ലിംകൾ ഇനിയുള്ള കാലം ആ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ രംഗത്തുണ്ടാവണം." റംസാൻ ആചരണം വിജയകരമായി പര്യവസാനിച്ച പശ്ചാത്തലത്തിലായിരുന്നു മസ്ജിദുൽ മുസമ്മിൽ ഇജാബയിൽ വെച്ചുള്ള ഖാസിം കോയയുടെ സന്ദേശ പ്രസംഗം.
ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാൻ ഒരു മതവും അനുവദിക്കുന്നില്ലെന്ന അവസ്ഥയിൽ മനുഷ്യരെ കൊന്ന് കളയുന്ന . ഭയാനകമായ ഭീതിയുടെ അവസ്ഥ നമ്മുടെ ഇന്ത്യയിൽ എങ്ങനെയുണ്ടായി എന്ന് എല്ലാ മതവിഭാഗത്തിലെയും പണ്ഡിതരും നേതാക്കളും വിശ്വാസികളും ആലോചിക്കണമെന്നും ഖാസിം കോയ നിർദേശിച്ചു. "നമ്മുടെ ഇന്ത്യയെ ഞമ്മൾ തന്നെയാണ് സംരക്ഷിക്കേണ്ടത്. മതേതര കക്ഷികൾ എല്ലാവരും ഒന്നിച്ചു ഇന്ത്യയെ സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും സഹവർത്തിത്തത്തിന്റെയും മാതൃകയാക്കി നിർത്തണം".