സൈബർ ആക്രമണ കേസ്; ആത്മഹത്യചെയ്ത പ്രതി അരുണ്‍ വിദ്യാധരന്‍ ലോഡജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍, കൂടുതൽ തെളിവുകൾ പോലീസിന്

New Update

publive-image

കാസർഗോഡ്: കോതനല്ലൂരിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ അരുൺ വിദ്യാധരൻ ലോഡജില്‍ മുറിയെടുത്തത് കള്ളപ്പേരിലാണെന്ന് പോലീസ് വ്യക്തമാക്കി.ഇയാള്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാറില്ലെന്നും ഇന്ന് ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു.

Advertisment

പെരിന്തല്‍മണ്ണ സ്വദേശി രാജേഷ് എന്ന പേരില്‍ ഈ മാസം രണ്ടിനാണ് അരുണ്‍ മുറിയെടുത്തത്. ഡ്രൈവര്‍ ആണെന്നാണ് പറഞ്ഞത്. മിക്കപ്പോഴും മുറിയില്‍ തന്നെയായിരുന്നു. മുഴുവന്‍ സമയവും മദ്യപിച്ച അവസ്ഥയില്‍ ആയിരുന്നെന്നും ജീവനക്കാര്‍ പറഞ്ഞു. വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്.

ഇന്നു രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു.ഇന്ന് മുറിയില്‍നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരി്ച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സൈബര്‍ അധിക്ഷേപ കേസിലെ പ്രതിയാണെന്ന സംശയം ഉയര്‍ന്നത്. അരുണ്‍ വിദ്യാധരന്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്.

അരുണിന്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. സമീപത്തുനിന്നും ഉറക്കഗുളികയെന്നു സംശയിക്കുന്നവയുടെ പാക്കറ്റും കണ്ടെടുത്തു.കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. സൈബര്‍ അധിക്ഷേപത്തിന് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. അരുണുമായുള്ള സൗഹൃദം ആതിര സമീപ കാലത്ത് ഉപേക്ഷിച്ചിരുന്നു.

യുവതിക്ക് വിവാഹ ആലോചകൾ വരുന്നതറിഞ്ഞ അരുൺ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപങ്ങൾ നടത്തിയിരുന്നു. യുവതിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ യുവതി കടുത്തുരുത്തി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Advertisment