/sathyam/media/post_attachments/lB8h9Vyxz5LA0x7Ebtm5.jpg)
താനൂർ ബോട്ട് ദുരന്തത്തിൽ പതിനാല് അംഗങ്ങൾ നഷ്ട്ടപ്പെട്ട പരപ്പന പുത്തൻ കടപ്പുറത്ത് കുന്നുമേൽ സൈദലവിയുടെ വീട്ടിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് ഖാസിം കോയ പൊന്നാനി സന്ദർശിച്ചപ്പോൾ
താനൂർ: കണ്ണീരിൽ കുതിർന്ന് പൂരപ്പുഴയും തീരവും. പതിനാല് അംഗങ്ങൾ ഒറ്റയടിക്ക് മുങ്ങിത്തീർന്ന പുത്തൻകടപ്പുറം കുന്നുമ്മൽ സൈതലവിയുടെ തളർന്നു തീരുന്ന കുടുംബം. കരൾ പിളർത്തി താനൂരിൽ ബോട്ട് ദുരന്തം സംഭവിച്ചതായ വാർത്ത പരന്നപ്പോൾ കടലോര മേഖലയുമായി ഏറെ അടുപ്പമുള്ള ഉസ്താദ് ഖാസിം കോയ മണിക്കൂറുകൾക്കകം സാന്ത്വന വാക്കുകളും പ്രാർത്ഥനകളുമായി കണ്ണീർ തീരത്ത് ഓടിയെത്തി.
ദുരന്തത്തിന്റെ ആഴത്തിൽ കരകാണാതെ കരയുകയായിരുന്ന താനൂർ പുത്തൻ കടപ്പുറം കുന്നുമ്മൽ സൈദലവിയുടെ കുടുംബത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും മതനേതാവുമായ കെ എം മുഹമ്മദ് ഖാസിം കോയയുടെ സന്ദർശനവും സഹവാസവും നൽകിയത് അവർണനീയമായ ആത്മബലവും സമാശ്വാസവും. പ്രാർത്ഥനാ സദസ്സും വിശുദ്ധ വാചകങ്ങളുടെ പാരായണവുമായി ദുരന്തത്തിന്റെ ഇരകൾക്കും വേർപിരിഞ്ഞവരുടെ കുടുംബങ്ങൾക്കും ആശ്വാസം പകർന്ന് അവരിൽ ഒരാളായി മുഹമ്മദ് ഖാസിം കോയ മണിക്കൂറുകളോളം അവിടെ കഴിച്ചുകൂട്ടി.
ഔപചാരികതകൾ എല്ലാം മാറ്റിവെച്ച് ദുരന്തത്തിന് ഇരയായവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും കണ്ണീരൊപ്പാൻ സർക്കാർ ഏജൻസികളും അനൗദ്യോഗിക കേന്ദ്രങ്ങളും പൊതുജനങ്ങളും ഒരുമെയ്യായി രംഗത്തുണ്ടാവണമെന്ന് ഖാസിം കോയ അഭ്യർത്ഥിച്ചു. ദുരന്തങ്ങൾക്ക് സ്ഥലമോ കാലമോ മറ്റെന്തെങ്കിലും പരിഗണനയോ ഇല്ലെന്നും ദുരന്തങ്ങൾക്ക് മുമ്പിൽ ശാസ്ത്ര യുഗത്തിലെ ആധുനിക മനുഷ്യനും പ്രാചീന യുഗത്തിലെ അപരിഷ്‌കൃതനും ഒരുപോലെയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ദുരന്ത വേളകളിലും സന്തോഷ വേളകളിലും ഒരുപോലെ സർവശക്തനായ ഒരുവന്റെ അലംഘനീയമായ വിധിയിലുള്ള വിശ്വാസം ദൃഢപ്പെടുത്തണമെന്നും ഖാസിം കോയ ഉപദേശിച്ചു.
ഹാജി പി ശാഹുൽ ഹമീദ്, കെ ഫസൽ മുസ്‌ലിയാർ,ഹസ്സൈനാർ മുസ്‌ലിയാർ, ഹംസകുട്ടി എന്നിവരും ഖാസിം കോയയെ അനുഗമിച്ചു.