/sathyam/media/post_attachments/B9sSB4bNqQpVvp2vJbvw.jpg)
പെരുമ്പാവൂർ: കവിതയുടെ ആശയം, വരികളുടെ സൗന്ദര്യം, പ്രയോഗഭംഗി ഇതെല്ലാം ഒത്തിണങ്ങിയ കാവ്യകല്പനകൾ ആസ്വാദകർക്കു സമ്മാനിച്ച് 81സംവത്സരങ്ങൾ പൂർത്തിയാക്കി പെരുമ്പാവൂരിന്റെ സ്വന്തം കവയിത്രി ചേലാമറ്റം വാഴപ്പിനാലിൽ രുഗ്മിണിയമ്മ യാത്രയായി. ബാല്യം മുതലെ കവിതയെ പ്രണയിച്ച രുഗ്മിണിയുടെ എഴുത്തിന്റെ ആശയലോകം വിശാലമാകുന്നത് ഇരുപത്തിനോടടുത്തപ്പോഴായിരുന്നു. ആനുകാലികങ്ങളിലൂടെ രുഗ്മിണി വരച്ചിട്ട ലളിതമായ ബിംബകല്പനകൾ ആസ്വാദകശ്രദ്ധ നേടി. പെരുമ്പാവൂരിലെ അക്ഷരശ്ലോകസദസ്സിൽ ചൊല്ലിയുണർത്താനായി കാവ്യങ്ങളേറെ ഉരുവിട്ടുപഠിച്ച് ഹൃദയത്തിൽ സൂക്ഷിച്ചു. ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് ആതുരശുശ്രൂഷയാണ് പഠിച്ചെടുത്തത്.
പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് കമ്പനി നടത്തിയിരുന്ന ആശുപത്രിയിൽ നഴ്‌സായിരുന്ന കാലത്തും കവിതയെഴുത്ത് നിർത്തിയില്ല. രുക്മിണിയുടെ ജീവിതത്തിലേയ്ക്ക് വരനായെത്തിയ തലയോലപ്പറമ്പ് വിശ്വനാഥൻ നായരും സമാനമനസ്കനായിരുന്നത് എഴുത്തിന്റെ വഴികളിൽ ഭാഗ്യവും തുണയുമായി. ശ്രീകൃഷ്ണഭക്തിയുടെ രസഭാവുകത്വം വരികളിലും മുഖത്തും പ്രകടമാക്കിയിരുന്ന രുഗ്മിണി മുത്തശ്ശി 2017-ൽ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ദേവസ്വം ട്രസ്റ്റിനുവേണ്ടി എഴുതി സമർപ്പിച്ച, ഐതിഹ്യവും പുരാവൃത്തവും ഇഴപാകിയ 'കീർത്തനമാല' എന്ന പുസ്തകം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
ആകാശവാണിയുടെ തൃശ്ശൂർ, കൊച്ചി നിലയങ്ങളിൽ നിന്നും ഈ കവയിത്രിയുടെ ശബ്ദത്തിൽ നിരവധി കവിതകൾ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാരതകേസരീ.. നമോവാകം, നിമ്നഗ നീയൊരു മോഹനാംഗി, ഏകാന്തഗായകൻ, അർച്ചനാമലർ, മുള്ള്,ഒരു കാട്ടുപക്ഷിയുടെ കഥ, നിശ്വാസം, മഞ്ഞത്തുമ്പീ.. വരുമോ നീ, കറിവേപ്പില, ദിവ്യമുഹൂർത്തം, വിജ്ഞാനഭിക്ഷ തുടങ്ങി ഒട്ടനവധി ശ്രദ്ധേയ കവിതകൾ രുഗ്മിണിയുടെ കാവ്യസപര്യയിൽ പിറവികൊണ്ടു. പെരുമ്പാവൂരിലെ യെസ് പ്രസ്സ് ബുക്ക്സ് 2017-ൽ പ്രസാധനം ചെയ്ത ചേലാമറ്റം രുഗ്മിണിയുടെ 'ഒന്നിങ്ങു വന്നാലും കണ്ണാ..' എന്ന കാവ്യസമാഹാരം, നാം ജീവിക്കുന്ന ഭൂമി സമസ്തമൂല്യങ്ങളും തകർന്ന് പതിക്കുമ്പോൾ കവയിത്രിക്ക് ഭൂമിയെ രക്ഷിക്കാനായി വിളിക്കാനുള്ളത്
കൃഷ്ണനെത്തന്നെയാണ് എന്ന് വിളിച്ചോതുന്നതായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ കവയിത്രിയ്ക്ക് 2021-ൽ ചേലാമറ്റം ഉപനിഷത്പഠനകേന്ദ്രം പ്രഥമ ഗുരുപൂർണിമ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. വായനാപൂർണ്ണിമയുടെ ദേശപ്പെരുമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം, വാഴപ്പിനാലിൽ കിരൺ നിവാസിൽ മകൻ കിരണിനൊപ്പമായിരുന്നു താമസം.
രശ്മി (ശ്രീമൂലനഗരം സർവ്വീസ് സഹകരണ ബാങ്ക്), ദീപ്‌തി (അമേരിക്ക), രോഷിനി (പ്രതിരോധവകുപ്പ് മന്ത്രാലയം, കൊച്ചി) എന്നിവരാണ് മറ്റു മക്കൾ. നാരായണൻകുട്ടി (റിട്ട. ഉദ്യോഗസ്ഥൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്), വിനോദ് (അമേരിക്ക), മനോജ് (അദ്ധ്യാപകൻ, പനങ്ങാട്), രാജശ്രീ (അദ്ധ്യാപിക, മേതല കല്ലിൽ സ്‌കൂൾ) എന്നിവർ മരുമക്കളാണ്. ചേലാമറ്റം ശ്രീവിലാസം എൻ.എസ്. എസ്. കരയോഗം വനിതാസമാജത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്ന രുഗ്മിണിയമ്മയുടെ നിര്യാണത്തിൽ സാമൂഹിക, സാംസ്‌കാരിക,സാഹിത്യ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us