/sathyam/media/post_attachments/OOY8CYXpeaOnYWi1DxGK.jpg)
പാലക്കാട് : കാവശ്ശേരിയിലുള്ള ശ്രീദേവിക്ക് വീട് വെക്കാൻ സഹായവുമായി സുരേഷ് ഗോപി. ശ്രീദേവിക്ക് കേരള സർക്കാറോ അല്ലെങ്കിൽ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്‌ക്ക് അഞ്ചു മുതൽ ആറ് ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെച്ച് കൊടുക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി ബിജെപി പാലക്കാട് ജില്ലാ പ്രസിഡൻറ് കൃഷ്ണദാസിനെ അറിയിച്ചു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തിയത് വാർത്തയായിരുന്നു. കോട്ടയം ജില്ലയിലുള്ള ഏറ്റുമാനൂർ സ്വദേശികളായ ആളുകളാണ് ഈ ദൗത്യം പൂർത്തിയാക്കാൻ സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്.
23 കൊല്ലങ്ങൾക്ക് മുൻപാണ് സുരേഷ് ഗോപി, ശ്രീദേവിയെ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയത്. പ്രസവിച്ചയുടൻ അമ്മ തെരുവിൽ ഉപേക്ഷിക്കുകയും പിന്നീട് മാഫിയയുടെ കയ്യിൽ അകപ്പെടുകയും ചെയ്ത പിഞ്ചു കുഞ്ഞിന്റെ കഥ സിനിമാ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപി അറിഞ്ഞത്.
അന്ന് അവൾക്ക് തണലായി താരം എത്തി. എന്നാൽ വർഷങ്ങൾക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന പരിപാടികൾക്കായി പാലക്കാട് എത്തിയപ്പോൾ ആരോ പറഞ്ഞു, അന്നത്തെ ആ പെൺകുട്ടി കാവശ്ശേരിയിലുണ്ടെന്ന്. തുടർന്ന് ഒന്നും നോക്കാതെ സുരേഷ് ഗോപി ശ്രീദേവിയുടെ വീട്ടിലേക്ക് പോയി.
ഫാൻസി സ്റ്റോർ നടത്തുന്ന സതീഷിന്റെ ഭാര്യയും നാലരവയസുകാരിയായ പെൺകുട്ടിയുടെ അമ്മയുമാണ് ശ്രീദേവി. ശ്രീദേവി തന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞതോടെ സുരേഷ് ഗോപി എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട് വെക്കാൻ സഹായം ചെയ്യുമെന്ന് സുരേഷ് ഗോപി അറിയിച്ചത്.