Advertisment

ഷാരോണിന്റെ ഹൃദയവാൽവ് മാറ്റിവയ്ക്കാൻ വേണം 25 ലക്ഷം. അടിയന്തര സഹായം പ്രതീക്ഷിച്ച് തോട്ടുവ ഗ്രാമം 

author-image
ജൂലി
New Update

publive-image

Advertisment

പെരുമ്പാവൂർ: ഹൃദയവാൽവിന്റെ ഗുരുതരമായ തകരാറുമൂലം ആശയറ്റ ജീവിതവുമായി കഴിയുന്ന പതിനേഴുവയസ്സുള്ള നിർദ്ധനയായ പെൺകുട്ടിയുടെ ജീവിതം തിരിച്ചുപിടിയ്ക്കുന്നതിനായി ഒരു നാടൊത്തൊരുമിക്കുന്നു. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡിൽ തോട്ടുവ പൂണോളി വീട്ടിൽ പി.സി. നൊബേർട്ടിന്റെ മകൾ ഷാരോൺ മേരിയ്ക്കാണ് ഈ ദുർവിധി. അടിയന്തരമായി വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് വിദഗ്‌ദ്ധ ഡോക്‌ടർമാർ പറഞ്ഞിരിക്കുന്നത്.

തിരുവന്തപുരത്തെ ശ്രീചിത്തിര മെഡിയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു ഇത്രയും നാൾ ചികിത്സ നടത്തിയിരുന്നത്. മദ്രാസ് മെഡിയ്ക്കൽ മിഷൻ ആശുപത്രിയിലെ പ്രശസ്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. പഠനത്തിൽ മിടുക്കിയായ ഷാരോൺ കീഴില്ലം സെയ്ന്റ് തോമസ് ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കെയാണ് രോഗം കൂടുതൽ വഷളായത്. ചെറുപ്പം മുതൽ ഹൃദ്രോഗബാധിതയായ ഈ കുട്ടിയ്ക്ക് ഗുരുതരമായ പല ഘട്ടങ്ങളിൽ ലക്ഷങ്ങൾ ചെലവുവന്ന നാലു ശസ്ത്രക്രിയകൾ ഇതിനോടകം നടത്തേണ്ടിവന്നു. ഇതോടെ നൊബേർട്ടിന്റെ കുടുംബം കടക്കെണിയിലായി.

ഇരുപത്തഞ്ചു ലക്ഷം രൂപയാണ് വാൽവ് മാറ്റിവയ്ക്കലിനായി അടിയന്തരമായി വേണ്ടത്. മറ്റൊരു വഴിയുമില്ലാതെയായപ്പോഴാണ് കുടുംബം നാട്ടുകാരുടെ സഹായം തേടിയത്. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും പ്രദേശത്തെ സെയ്ന്റ് ജോസഫ് ഇടവകപ്പള്ളിയും സംയുക്തമായി ധനസമാഹരണത്തിനായി ഇതോടെ രംഗത്തിറങ്ങുകയായിരുന്നു. ധനശേഖരണാർത്ഥം ബി.ജെ.പി.യുടെ കൂവപ്പടി പഞ്ചായത്ത് സമിതി ഇക്കഴിഞ്ഞ 21ന് 'ബിരിയാണി ചാലഞ്ച്'സംഘടിപ്പിച്ചിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ ഷാരോണിന്റെ ദുരവസ്ഥ ജനങ്ങളിലെത്തിച്ച് ചികിത്സാസഹായത്തിനായി പണം സ്വരൂപിയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഫെഡറൽ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിൽ ഇതിനായി കുട്ടിയുടെ അച്ഛന്റെ പേരിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. (A/C No. 10030100714158 - IFSC: FDRL0001003) പൊതുമേഖലാസ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമെന്റ്സ് ചെയർമാൻ ബാബു ജോസഫ്, കൂവപ്പടി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അരവിന്ദ്, എറണാകുളം ജില്ലാ പഞ്ചായത്തംഗം മനോജ്‌ മൂത്തേടൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.വി. സുനിൽ, സന്ധ്യാ രാജേഷ്, ഷാജു ചിറയത്ത് എന്നിവർ അംഗങ്ങളായ കമ്മിറ്റിയ്ക്കാണ് ചികിത്സാധനസഹായനിധിയുടെ ചുമതല. സുമനസ്സുകളായവരുടെ സഹായങ്ങൾ പി. സി. നൊബെർട്ടിന് ഗൂഗിൾപേ, ഫോൺപേ വഴിയും നൽകാവുന്നതാണ് (മൊബൈൽ: 8075392900) എന്ന് രക്ഷാധികാരി ഒ.ഡി. അനിൽകുമാർ അറിയിച്ചു.

Advertisment