/sathyam/media/post_attachments/mv83NOAhSY2b50tZbhKn.jpeg)
തൃശ്ശൂർ: ശുദ്ധസംഗീതത്തിന്റെ രാഗസൗന്ദര്യം വരികളിലേയ്ക്ക് പകർന്ന ഭക്തിഗാനങ്ങളുടെ ഈണങ്ങളുമായി കേശവൻ നമ്പൂതിരി വിഷ്ണുലോകത്തണഞ്ഞു. ഭക്തിപാരവശ്യത്തിന്റെ ദിവ്യാനുഭൂതിയുളവാക്കുന്ന ലളിതമായ സംഗീതം വരികളിലേയ്ക്ക് സന്നിവേശിപ്പിച്ച മലയാളത്തിലെ ഒരുപിടി ഭക്തിഗാനങ്ങളുടെ സംഗീതസംവിധായകൻ പി.കെ. കേശവൻ നമ്പൂതിരി വിടപറഞ്ഞദിനമായിരുന്നു ഞായറാഴ്ച. പുലർച്ചെ 4 മണിയോടെ തൃശ്ശൂരിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസ്സുണ്ടായിരിരുന്നു. കേശവൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ ശ്രീകൃഷ്ണ ഭക്തിഗാനങ്ങളെല്ലാം ആസ്വാദകർ നെഞ്ചേറ്റിയവയായിരുന്നു.
കേശവൻ നമ്പൂതിരിയുടെ പാട്ടുകൾകൊണ്ട് ഗുരുപവനപുരി കോൾമയിർക്കൊണ്ട ഒരു കാലമുണ്ടായിരുന്നു. പാലക്കാട് മ്യൂസിക് കോളേജിൽനിന്ന് ഗാനഭൂഷണം നേടിയശേഷം കേശവൻ നമ്പൂതിരി, സംഗീതഞ്ജൻ ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഉപരിപഠനം നടത്തി. തുടർന്ന് ആകാശവാണി കോഴിക്കോട്, തൃശൂർ നിലയങ്ങളിൽ സേവനമനുഷ്ടിച്ചു. 1998-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ നിന്നാണ് വിരമിച്ചത്. സംഗീതസംവിധാനരംഗത്ത് അസാമാന്യ പ്രതിഭാശേഷി ഉണ്ടായിരുന്നിട്ടും പ്രശസ്തിയുണ്ടാകണമെന്നുള്ള ഭ്രമത്തിൽ അകപ്പെടാതെ സംഗീതരംഗത്ത് നിലനിന്നിരുന്നതിനാൽ അതിപ്രശസ്തനാകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം,
ഈ ഗാനം നെഞ്ചേറ്റാത്ത കൃഷ്ണഭക്തർ അപൂർവ്വമായിരിക്കും. എന്നാൽ ഈ വരികൾ ചിട്ടപ്പെടുത്തിയ അനുഗൃഹീത സംഗീതജ്ഞനെ അധികമാരും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഗുരുവായൂരൊരു മഥുര എഴുതിയാൽ തീരാത്ത കവിത, വിഘ്നേശ്വരാ ജന്മനാളികേരം, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, അമ്പാട്ടി തന്നിലൊരുണ്ണി, അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേ പശ്യാമീ.., കായാംപൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണ ഹരേ, വടക്കുംനാഥനു സുപ്രഭാതം പാടും, കൂടും പിണികളെ കണ്ണാലൊഴിക്കും കൂടല്‍മാണിക്യ സ്വാമീ.. തുടങ്ങിയ അതിമധുരമായ ഈണങ്ങളെല്ലാം കേശവൻ നമ്പൂതിരിയുടേതായിരുന്നു എന്നറിയുമ്പോൾ ഒരു സാധാരണ ആസ്വാദകൻ വിസ്മയഭരിതനാകും.
ആത്മസുഹൃത്തായിരുന്ന എസ് രമേശൻ നായർ കുറിച്ച പോലെ, എഴുതിയാൽ തീരാത്തൊരു കവിതയായി കേശവൻ നമ്പൂതിരി എന്ന സ്വരരാഗകാളിന്ദി കാലത്തിൽ വിലയം പ്രാപിയ്ക്കുകയാണ് ചെയ്തത്. 1980-കളുടെ തുടക്കം മുതൽ യേശുദാസും, ജയചന്ദ്രനും പാടിയ ഇദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം എക്കാലത്തെയും മികച്ച ഗാനങ്ങളായിരുന്നു. ആറു പതിറ്റാണ്ടോളമായുള്ള സൗഹൃദമായിരുന്നു ഭാവഗായകൻ പി. ജയചന്ദ്രനുമായി കേശവൻ നമ്പൂതിരിക്കുണ്ടായിരുന്നത്. 2022 ഡിസംബറിൽ ശതാഭിഷിക്തനായ വേളയിൽ ജയചന്ദ്രൻ ആശംസകളർപ്പിയ്ക്കാനായി എത്തിയിരുന്നു. പാലക്കാട് കോങ്ങാട് പാറശ്ശേരി പെരുന്തലക്കാട്ടു മനയാണ് കേശവൻ നമ്പൂതിരിയുടെ ജന്മഗൃഹം. തൈക്കാട്ടുമൂസ് കുടുംബത്തിലെ അംഗമാണ് ഭാര്യ ഡോ. നിർമലാദേവി. മക്കൾ: സച്ചിൻ (ബെംഗളൂരു), സീന (അമേരിക്ക). ശ്രീപ്രിയയും ബിമലുമാണ് മരുമക്കൾ.
ഫോട്ടോ: പി.കെ. കേശവൻ നമ്പൂതിരിയുടെ ശതാഭിഷേകവേളയിൽ മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ അദ്ദേഹത്തെ പൊന്നാടയണിയിക്കുന്നു (ഫയൽ ചിത്രം)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us