സ്വന്തമായിരുന്ന കോടികൾ സൗജന്യമായി സേവാഭാരതിയ്ക്കു നൽകി ഏറ്റുമാനൂരിലെ ഡോക്ടർ ദമ്പതിമാർ

author-image
ജൂലി
New Update

publive-image

ഏറ്റുമാനൂർ: നഗരത്തിന്റെ ഹൃദയഭാഗത്ത് ഡോ. രാമകൃഷ്ണൻ നായർക്കും ഭാര്യ ഡോ. സരസുവിനും സ്വന്തമായുണ്ടായിരുന്നത് 25 കോടിയിലധികം വിലമതിയ്ക്കുന്ന വസ്തുവകകൾ. ഏറ്റുമാനൂരിൽ നിന്നും പാലായ്ക്കുള്ള ഹൈവേയോട് ചേർന്ന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിനു സമീപത്തായി 65 സെന്റ് ഭൂമിയും അതിവിശാലമായ 10,000 സ്‌ക്വയർ ഫീറ്റ് കെട്ടിട സമുച്ചയവും. രണ്ടു നിലകളിലായി നിരവധി റൂമുകൾ. യു.കെ.യിൽ ഡോക്ടർമായി വിരമിച്ച ഡോക്ടർ ദമ്പതിമാരുടെ ഈ സ്വത്തുക്കൾ മുഴുവനായി അവർ സേവാഭാരതിയ്ക്കു കൈമാറിയിരിക്കുകയാണ്.

Advertisment

publive-image

ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടിൽ ഡോക്ടർ രാജശേഖരൻ നായരുടെ അച്ഛൻ ഡോക്ടർ രാം കെ. നായരും അമ്മ ഡോക്ടർ എം.കെ. ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരിൽ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടർമാരായിരുന്നു. അമ്മ മിഡ് വൈഫ് ആയും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി സേവാഭാരതിക്ക് വിട്ടുനൽകുന്നത്.

രാമകൃഷ്ണ ലേഡീസ് ഹോസ്റ്റൽ എന്ന പേരിൽ ഒരു സ്ഥാപനവും ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയർ യൂണിറ്റ്, അലോപ്പതി, ഹോമിയോ, ആയുർവേദ ഡോക്ടർമാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവർക്ക് പകൽവീട്, ഡയാലിസിസ് സെന്റർ, തൊഴിൽ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീർത്ഥാടകർക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയസേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് ഓഫീസ് എന്നിവയും ഇനിയിവിടെയാകും പ്രവർത്തിയ്ക്കുക.

publive-image

തന്റെ ബാല്യത്തിലെയും യൗവ്വനത്തിലെയും ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ നിറഞ്ഞ രാമകൃഷ്ണ ബിൽഡിംഗ് സേവാഭാരതിയ്ക്കു കൈമാറാനുള്ള ആഗ്രഹം പ്രവർത്തകരോട് അവതരിപ്പിച്ച ഡോ. രാജശേഖരൻ നായർ, തന്റെ മാതാപിതാക്കൾ സേവനമായാണ് ഏറ്റുമാനൂരിൽ പ്രവർത്തിച്ചതെന്നും അതുകൊണ്ട് സേവനകാര്യങ്ങൾ മാത്രമേ ഈ ഭൂസ്വത്തുപയോഗിച്ചു ചെയ്യാവൂ എന്നും മാതാപിതാക്കളുടെ ഓർമ്മ നിലനിർത്താൻ കെട്ടിടത്തിന്റെ പേര് നിലനിർത്തമെന്നും മാത്രമാണ് ആവശ്യപ്പെട്ടത്. സമാജസേവനത്തിനായി സ്വത്തിന്റെ, സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ദാനംചെയ്യുകയാണ് ഇരുവരും ചെയ്തത്.

Advertisment