തൃത്താല കേരളത്തിലെ കേര മണ്ഡലമായി മാറും: മന്ത്രി എം.ബി രാജേഷ്

New Update

publive-image

തൃത്താല കേരളത്തിലെ കേര മണ്ഡലമായി മാറുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കാർഷിക സാധ്യത ഏറെയുള്ള മണ്ഡലമായതിനാൽ നെല്ല്, പച്ചക്കറി എന്നിവയ്ക്കൊപ്പം മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കുമെന്നും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ വടക്കേക്കര സെന്ററിൽ ഒരു ലക്ഷം തെങ്ങിൻ തൈ നടീൽ മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment

ഭൂജലവിതാനം കുറവുള്ള മണ്ഡലമാണ് തൃത്താല. അത് ശാശ്വതമായി പരിഹരിക്കാതെ പൈപ്പിട്ടതുകൊണ്ട് മാത്രം കുടിവെള്ളം ലഭ്യമാവില്ല. കൃഷിയിലൂടെ ഉൾപ്പെടെ ഭൂമിക്കടിയിലേക്ക് ജലം സംഭരിക്കുന്നത് വർധിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സംസ്ഥാനത്ത് മൂവായിരം കുളങ്ങളുടെ നിർമ്മാണമാണ് നടക്കുന്നത്.

അതിൽ 2000 എണ്ണം പൂർത്തീകരിച്ചു കഴിഞ്ഞു. 10 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് ഭൂമിയിൽ ഇതിലൂടെ സംഭരിക്കാൻ കഴിയുക.മഴവെള്ള കൊയ്ത്ത് കിണർ റീചാർജിങ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. സുസ്ഥിര തൃത്താല പദ്ധതിയിലൂടെ 500 ഹെക്ടറിലധികം പ്രദേശത്ത് കൃഷി ഇറക്കി. 24 ടൺ പച്ചക്കറിയാണ് ഹോർട്ടികോപ്പിലൂടെ സംഭരിച്ചത്.മാലിന്യ നിർമാർജ്ജനം വളരെ പ്രധാനമാണ്. റോഡിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച പത്തിന കർമ്മ പരിപാടികളുടെ നിർവഹണത്തിന്റെ ഭാഗമായിട്ടാണ് തെങ്ങിൻ തൈ നടീൽ പദ്ധതി സംഘടിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായാണ് ഒരു ലക്ഷം തെങ്ങിൻതൈകൾ നടുന്നത്.
പരിപാടിയിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി.

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശറഫുദ്ദീൻ കളത്തിൽ,
ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എം. മനോമോഹനൻ. ടി.വി ഷെറീന, എം. ശ്രീലത, ടി. പ്രേമ, പി.എ വാഹിദ്, എൽ.എസ്.ജി.ഡി പാലക്കാട് ജോയിന്റ് ഡയറക്ടർ പി.സി ബാലഗോപാൽ, നവകേരളം കർമ്മപരിപാടി ജില്ലാ കോ-ഓർഡിനേറ്റർ പി. സൈതലവി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.കെ ചന്ദ്രദാസ്, തൃത്താല അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ വി.എസ് പ്രതീഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisment