പഴക്കമുള്ള ഈ പാരമ്പര്യം ഇന്ന് പുതുതലമുറയുടെ ജീവിത ചര്യകളില്‍ ഒന്നായി മാറികൊണ്ടിരിക്കുന്നു. 2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുകയാണ്. പ്രാചീന ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിലൂടെ ശരീരത്തിന്റേയും മനസ്സിന്റേയും ഉന്‍മേഷം തുടിക്കുന്ന മാറ്റം ലക്ഷ്യമിടുന്നതാണ്. 2014 ഡിസംബര്‍ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് യോഗാദിനാചരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്.
യോഗ നിത്യ വൃതമാക്കുകയാണെങ്കില്‍ അത് ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരികമാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ യോഗാസനം ഉള്‍ക്കൊള്ളുന്നുണ്ട്. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് മനുഷ്യരും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ശരീരത്തെ പൂര്‍ണ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പ്രാപ്തരാക്കുന്ന ജീവിത ചര്യയാണിത്.
ആരോഗ്യമുള്ള ശരീരം, ആനന്ദം നിറഞ്ഞ മനസ്, ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ ആക്കം കുറയ്ക്കാന്‍ യോഗയ്ക്ക് സാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇവിടെയാണ് യോഗ ഒരു ചികിത്സയായി മാറുന്നത്. ഇന്ന് ലോകം ഒന്നാകെ ഭാരതത്തിന്റെ ഋഷിവര്യന്മാര്‍ നിര്‍ദേശിച്ച ഈ വഴിയിലൂടെ നടക്കുന്നു. ,യോഗയിലേക്ക് ലോകം ഒരുമിക്കുകയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത്. ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ജൂണ്‍ 21ല് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേക പ്രാധാന്യമുള്ളതാണ് ഈ ദിനം തെരഞ്ഞെടുക്കുവാന്‍ കാരണം. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂര്‍ണിമ എന്നറിയപ്പെടുന്നു. ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനില്‍ നിന്ന് ഇത് ആദ്യമായി മനുഷ്യരിലേക്ക് എത്തിയതെന്നും ആത്മിയ കാര്യങ്ങള്‍ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയമെന്നും പൗരാണിക ഭാരതശാസ്ത്രത്തില്‍ വിശ്വസിച്ച് പോരുന്നു. .
2014 സെപ്റ്റംബര്‍ 14ന് യു.എന്‍ സമ്മേളന വേദിയില്‍ വെച്ച് നരേന്ദ്ര മോദി മുന്നോട്ട് വെച്ച ഈ ആശയം 193 അംഗരാഷ്ട്രങ്ങളില്‍ 175 എണ്ണത്തിന്റെ പിന്തുണയോടെ, പ്രമേയാവതരണം വോട്ടിനിടപ്പെടാതെ തന്നെ അംഗീകരിയ്ക്കപ്പെടുകയുണ്ടായി. 2015 ജൂണ്‍ 21 ന് ആദ്യ യോഗാദിനം ആചരിച്ചു. വിവിധ രാജ്യങ്ങളില്‍ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ യോഗ സംബന്ധിച്ച് പഠന വിഷയം തന്നെ ഇന്ന് നിലവിനുണ്ട് എന്നതും ഇതിന്റെ അംഗീകാരം വര്‍ദ്ധിപ്പിക്കുന്നതാണ്.
ഒന്നാം അന്താരാഷ്ട്ര യോഗാ ദിനം കേന്ദ്ര ആരോഗ്യമന്ത്രാലയമായ ആയുഷിന്റെ കീഴില്‍ വിപുലമായാണ് ആചരിച്ചത്. 2015 ജൂണ്‍ 21ന് ഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന യോഗാചരണം രണ്ട് ലോക റിക്കോര്‍ഡുകളിലാണ് നേടിയത്. ഒരൊറ്റ വേദിയില്‍ 35,985 പേരെ പങ്കെടുപ്പിച്ചു കൊണ്ടു നടന്ന പരിപാടിയിലൂടെ ഏറ്റവും കൂടുതല്‍ പേരെ ഒരിടത്ത് സംഘടിപ്പിച്ചു നടത്തിയ യോഗാചരണം എന്ന റിക്കോര്‍ഡും, ഒരു യോഗാചരണത്തില്‍ ഏറ്റവുമധികം രാഷ്ട്രങ്ങള്‍ സഹകരിച്ച റെക്കോര്‍ഡും ആദ്യ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പേരിലാണ്. ഇന്ത്യയെക്കൂടെ ലോകത്തെ 84 രാജ്യങ്ങളാണ് അന്താരാഷ്ട്ര യോഗാദിനത്തില്‍ പങ്കെടുത്തത്. ലക്ഷക്കണക്കിന് ജനങ്ങള്‍ സജീവമായി പങ്കെടുത്ത ആദ്യ ആന്താരാഷ്ട്ര യോഗ ദിനത്തിലൂടെ യോഗയുടെ സന്ദേശം ലോകമെമ്പാടുമെത്തി.
ജീവിത പ്രവര്‍ത്തനത്തിന്റെ പര്യവേക്ഷണം നടക്കുന്നു എന്നത് തന്നെയാണ് യോഗാദിനത്തിന്റെ പ്രാധാന്യം. മതങ്ങളെയെല്ലാം പിന്‍തള്ളിക്കൊണ്ട് മനുഷ്യവളര്‍ച്ചയ്ക്കുള്ള സാധ്യത സജീവമാക്കുക എന്നതും ആന്തരികവികസന ശാസ്ത്രം, സൗഖ്യം, വിമോചനം എന്നിവ ഭാവി തലമുറകള്‍ക്കു പ്രദാനം ചെയ്യുക എന്നതും യോഗ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് ഐക്യരാഷ്ട്രസഭ യോഗാ ദിനത്തെ വിലയിരുത്തുന്നത്.