കൊല്ലം∙ എലിപ്പനി, ഡെങ്കിപ്പനി മുതൽ വെറും പനി വരെ ജനങ്ങളെ വലയ്ക്കുന്നു. പനിക്കാരുടെ എണ്ണം കൂടിയതോടെ സർക്കാർ ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലെ തിരക്കു വർധിച്ചു. മിക്ക ആശുപത്രികളിലും പനിക്കുള്ള മരുന്നിനു ക്ഷാമം നേരിടുന്നു. കൊല്ലത്തെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‍സിഎൽ) സംഭരണശാലയിലെ അഗ്നിബാധ മരുന്നു ക്ഷാമത്തിനു മറ്റൊരു കാരണമായി. ചികിത്സാ കേന്ദ്രങ്ങളിലെ മരുന്നുക്ഷാമത്തെ നേരിടുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള ലോക്കൽ പർച്ചേസിലൂടെയാണ്.
/sathyam/media/post_attachments/DrjU4aGjQzd1Q9cT3jnP.jpg)
കുന്നത്തൂർ, കുണ്ടറ താലൂക്ക് ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിനു സംഭരണശാലയിലെ അഗ്നിബാധ ഒരു കാരണമായെന്നാണ് പറയുന്നത്. പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലും അത്യാവശ്യ മരുന്നുകളിൽ പലതും പുറത്ത് നിന്നു വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. കാരുണ്യ ഉൾപ്പെടെയുള്ള പദ്ധതികൾ വഴിയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ ഉപയോഗപ്പെടുത്തിയും പ്രാദേശികമായി മരുന്നുകൾ കണ്ടെത്തിയാണ് മിക്ക ആശുപത്രികളും പ്രവർത്തിക്കുന്നത്. കൊട്ടാരക്കര മേഖലയിൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയായി.
നിലവിൽ മരുന്ന് ക്ഷാമം ഇല്ലെങ്കിലും വരും ദിവസങ്ങളിൽ ഉണ്ടാകാനാണ് സാധ്യത. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ 1500ൽ ഏറെ രോഗികളാണ് ദിവസവും ചികിത്സ തേടി എത്തുന്നത്. നാലിലൊന്നും പനി, ചുമ ബാധിതരാണ്. മേഖലയിലെ സർക്കാർ ചികിത്സാകേന്ദ്രങ്ങളിൽ എത്തുന്ന പനിബാധിതരുടെ എണ്ണം കൂടുതലാണ്. പടിഞ്ഞാറേ കല്ലട കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുകളുടെ ക്ഷാമം രോഗികളെ ബാധിച്ചിട്ടുണ്ട്. കുളക്കട പഞ്ചായത്തിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമയുടെ മരുന്നു തീരെയില്ല. വൈറൽ പനി ബാധിതർക്കു നൽകുന്ന മരുന്നിന്റെ സ്റ്റോക്ക് കുറവാണ്. പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നിനും ക്ഷാമമുണ്ട്.
പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻ പുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈറൽ പനിക്കുള്ള മരുന്നിന്റെ സ്റ്റോക്ക് തീരെ പരിമിതമാണ്. ഇൻജക്‌ഷൻ മരുന്നുകൾക്കും ക്ഷാമമുണ്ട്. എഴുകോൺ പഞ്ചായത്തിലെ പ്ലാക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലും വൈറൽ പനി ബാധിതർക്കുള്ള മരുന്നിന്റെ സ്റ്റോക്കു തീരെ കുറവാണ്. പാരസെറ്റമോൾ സിറപ്പിനും ക്ഷാമമുണ്ട്.ക്ലാപ്പന പഞ്ചായത്ത് വള്ളിക്കാവ് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾക്കും ക്ഷാമമുണ്ട്. മറ്റു മരുന്നുകളുണ്ട്. തൊടിയൂർ പിഎച്ച്സിയിൽ ചില സമയങ്ങളിൽ ചില മരുന്നുകൾക്ക് ക്ഷാമം നേരിടാറുണ്ടെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ സാധാരണ പനിയുമായി എത്തുന്നവർക്കുള്ള ആന്റിബയോട്ടിക്കുകളുടെ കുറവ് ഉണ്ട്. പനി സീസൺ ആരംഭിച്ചതോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഇടപെട്ട് കൂടുതൽ മരുന്ന് വാങ്ങുന്നതിന് നടപടിയായിട്ടുണ്ട്. വൈകിട്ട് രാത്രി 8 വരെ പ്രവർത്തിക്കുന്ന പ്രത്യേക പനി ഒപിയിലും കഴിഞ്ഞ ദിവസങ്ങളിൽ ഇരട്ടിയിൽ അധികം രോഗികളാണ് എത്തുന്നത്. കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്നുകളുടെ കുറവുണ്ട്. ഏരൂർ, അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആന്റിബയോട്ടിക്കുകൾ ലഭ്യമല്ല. പനിയുമായി വരുന്നവർക്കു പാരസെറ്റാമോൾ കൊണ്ടു തൃപ്തിപ്പെടണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us