ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

ചവറ: ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കർമ്മ സേനാംഗങ്ങളോടാണ് വീട്ടുടമ മോശമായി പെരുമാറിയത്.

Advertisment

publive-image

പ്ലാസ്റ്റിക് മാലിന്യവും യൂസർ ഫീയും നൽകിയില്ലെന്ന് മാത്രമല്ല സ്കാൻ ചെയ്യുന്നതിന് വീടിന് മുന്നിൽ പതിച്ചിരുന്ന ക്യു ആർ കോഡ് സ്റ്റിക്കർ കീറി കളയുകയും സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഈ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചതോടെ സെക്രട്ടറി നേരിട്ട് എത്തി പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. ഹരിത കർമ്മ സേനാംഗങ്ങളുമായി സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി പിഴ ചുമത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വിതരണം, പൊതുസ്ഥലത്തും സ്വകാര്യ സ്ഥലത്തും വലിച്ചെറിയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വീടുകൾക്കും സ്ഥാപനങ്ങൾക്കും 3.42 ലക്ഷം രൂപ പിഴ ചുമത്തുകയും 64,500 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.പി.വിൻസെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് സെക്രട്ടറി എൽ. ജയലക്ഷ്മി, സൂപ്രണ്ട് എസ്.ലസിത , ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷെമിയും വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടനും അറിയിച്ചു.

Advertisment