ആശുപത്രികളിൽ ഡോക്ടർമാർ കുറവ് ; ഡോക്ടർമാർ ദീർഘകാല അവധിയിൽ പ്രവേശിച്ചിട്ടും പകരം ആളെ നിയോഗിക്കാത്തതിൽ ജനങ്ങൾ അമർഷത്തിൽ

New Update

കൊല്ലം∙   ജില്ലയിലെ ചില ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവുണ്ട്. ചിലയിടങ്ങളിൽ ഡോക്ടർമാർ ദീർഘകാല അവധിയിൽ പ്രവേശിച്ചിട്ടും പകരം ആളെ നിയോഗിക്കാത്തതിൽ ജനങ്ങൾ അമർഷത്തിലാണ്.പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 2 ഫിസിഷ്യൻമാരുടെ ഒഴിവുകളുണ്ട്. സ്ഥലം മാറിപ്പോയതിനു പകരം വൃക്കരോഗ വിദഗ്ധനെയും നിയമിക്കണം. 6 മാസം മുൻപ് നിയമന ഉത്തരവ് നൽകിയിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ ഹൃദ്രോഗ വിദഗ്ധനും ചുമതലയേറ്റിട്ടില്ല.

Advertisment

publive-image

കൊറ്റങ്കര പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലെ സ്ഥിരം ‍ഡോക്ടർ അവധിയിൽ പോയതിനാൽ താത്കാലിക നിയമനമാണ്. പേരയം പഞ്ചായത്തിലെ കുമ്പളം ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ കുറവുണ്ട്. നിലവിലെ ഡോക്ടർ അവധിയിൽ പോയെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. ഇളമ്പള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ കുറവുണ്ട്. അടിയന്തര സാഹചര്യത്തിൽ ഡോക്ടറെ നിയമിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുണ്ട് 28 ഡോക്ടർമാരുള്ള   ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. പല ദിവസങ്ങളിലും മുന്നൂറിലധികം രോഗികൾ എത്തുന്നു.  പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ 3 ഡോക്ടർമാരിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 2 ഡോക്ടർമാരും നീണ്ട അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഒരു താൽക്കാലിക ഡോക്ടറുടെ സേവനം മാത്രമാണ്  ലഭിക്കുന്നത്.

ഓച്ചിറ ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് ക്ഷാമമുണ്ട്. ചുമയ്ക്കുള്ള സിറപ്പ് ഉൾപ്പെടെയുള്ള മരുന്നുകളില്ല. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒരു ഫാർമസിസ്റ്റാണ് മിക്കപ്പോഴും നൂറ് കണക്കിന് രോഗികൾക്ക് മരുന്ന് നല‍കുന്നത്. 4 സ്റ്റാഫ് നഴ്സ് വേണ്ട സ്ഥലത്ത് രണ്ട് പേർ മാത്രമാണുള്ളത്.

Advertisment