/sathyam/media/post_attachments/se0T25j3Q6LFdJCLe0Ub.jpg)
പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍ക്കൊപ്പം ഇന്ത്യന്‍ വിജ്ഞാനശാഖകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഊന്നല്‍ നല്‍കുന്നു. ധാര്‍മ്മികത, ധ്യാനം, യോഗ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുകയും ചെയ്യും. അത്യാധുനിക ലാബുകള്‍, നൂതന കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍, പഠനത്തിന് അനുയോജ്യമായ സുരക്ഷിതമായ അന്തരീക്ഷം എന്നിവയും ക്യാമ്പസിലുണ്ട്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1000 കോടി രൂപ മുതല്‍മുടക്കില്‍ ചിന്മയ വിശ്വവിദ്യാപീഠം (സിവിവി) 2019-ല്‍ ഈ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് സിവിവി ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അജയ് കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സിവിവി-ഐഎസ്ടി 2,000 പേര്‍ക്ക് നേരിട്ടും 1,000 പേര്‍ക്ക് പരോക്ഷമായും അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രൊഫ. അജയ് കപൂര്‍ പറഞ്ഞു.
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐഐറ്റി, എന്‍ഐറ്റി കൂടാതെ, ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റികളുടെ സേവനവും ഇവിടെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക നൈപുണ്യം ഉറപ്പാക്കുന്നതിനുള്ള ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുന്നതിന് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുമായി ഇതിനോടകം സിവിവി-ഐഎസ്ടി പങ്കാളിത്തം നേടിയിട്ടുണ്ട്. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ് നേടാനുള്ള അവസരവും ലഭിക്കും.
വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സിവിവി-ഐഎസ്ടി പ്രതിവര്‍ഷം നാലു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നു. 108-ാമത് സ്വാമി ചിന്മയാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ 108 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. കൂടാതെ, ഇന്ത്യയിലെ ഏതെങ്കിലും ചിന്മയ വിദ്യാലയത്തില്‍ ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 50,000 രൂപയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് ചിന്മയ മിഷന്‍ കേരള നല്‍കും. നാഷണല്‍ അല്ലെങ്കില്‍ സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റുകളില്‍ 100 റാങ്കിനുള്ളില്‍ വരുന്നവര്‍ക്ക് 100 ശതമാനവും 1000-ല്‍ താഴെ റാങ്ക് നേടിയവര്‍ക്ക് 13 ശതമാനവും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്.